സമരം: റേഷൻകടകൾ കാലി, അരിവില ഉയരുമെന്ന് ആശങ്ക
കോട്ടയം : 27 മുതൽ കടകളടച്ച് സമരം ചെയ്യാൻ റേഷൻ വ്യാപാരി സംയുക്ത സമരസമിതി തീരുമാനിച്ചതോടെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്. ഗോഡൗണുകളിൽ നിന്ന് ചരക്കെത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരം മൂലം റേഷൻകടകൾ ഏതാണ്ട് കാലിയാണ്. ഇതോടെ പൊതുവിപണിയിൽ അരിവില ഉയർന്നേക്കുമെന്ന ഭീതിയിലാണ് സാധാരണക്കാർ. ജില്ലയിൽ 963 റേഷൻകടകളാണുള്ളത്. ചെലവ് കാശ് കിട്ടാതെ 50 ഉടമകൾ കട ഉപേക്ഷിച്ചു. രണ്ടു കടകൾ നടത്തിയിരുന്നവർ ഒന്നാക്കി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനിടയിലാണ് സമരം. 2018 ൽ നടപ്പാക്കിയ പാക്കേജിൽ ഒരു മാസം 45 ക്വിന്റൽ അരിവിറ്റാൽ കടക്കാരന് ലഭിക്കുന്നത് 18000 രൂപയാണ്. ഇത് പരിഷ്കരിക്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഭക്ഷ്യവകുപ്പുമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യം തള്ളി. പലകടകളിലും നിലവിലെ സ്റ്റോക്ക് തീർന്നു.
ജില്ലയിൽ 963 റേഷൻകടകൾ
''റേഷൻകടകൾ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത ഗുരുതര സ്ഥിതിയാണ്. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ പണം ലഭ്യമാക്കി ഇഷ്ടമുള്ള സാധനം വാങ്ങാൻ കഴിയുന്ന ഡയറക്ട് പേയ്‌മെന്റ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതോടെ റേഷൻ കടകൾ അടച്ചു പൂട്ടുന്ന ഗുരുതര സ്ഥിതി ഉണ്ടാകും.
-കെ.കെ.ശിശുപാലൻ ( റേഷൻ വ്യാപാരി സംയുക്തസമരസമിതി നേതാവ് )