മൊബൈൽ മോഷണം : പ്രതി പിടിയിൽ
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ. തൊടുപുഴ ഈസ്റ്റ് കമ്പുംകല്ല് പാമ്പുരുക്കി മാക്കൽ നിസാർ സിദ്ദിഖ് (42) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ ക്യാൻസർ വാർഡിന് സമീപമുള്ള ഹാളിൽ ചാർജ് ചെയ്യുന്നതിനായി കുത്തിയിട്ടിരുന്ന ദേവികുളം സ്വദേശിയായ മദ്ധ്യവയസ്കന്റെ 12,000 രൂപ വിലവരുന്ന ഫോൺ നഷ്ടപ്പെട്ടതായി എയ്ഡ് പോസ്റ്റിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. ബാഗിൽ നിന്ന് മൂന്നു ഫോണുകൾ കൂടി കണ്ടെടുത്തു. ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തമ്പടിച്ച് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തൊടുപുഴ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട നിസാറിനെതിരെ തൊടുപുഴ, കാഞ്ഞാർ, കരിങ്കുന്നം, മേപ്പാടി, മൂവാറ്റുപുഴ, കോതമംഗലം, കുട്ടമ്പുഴ, കാളിയാർ, കുറുപ്പംപടി, പോത്താനിക്കാട്, നടക്കാവ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. എയ്ഡ് പോസ്റ്റിലെ എസ്.ഐ പി.കെ സന്തോഷ്, സി.പി.ഒമാരായ വിഷ്ണുരാജ്, അഭിജിത്ത് ശിവൻ, വിഷ്ണു കെ.ജെ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.