വേനൽ മഴയ്ക്ക് പിന്നാലെ പിടിമുറുക്കി മഞ്ഞപ്പിത്തം, വേണം സ്വയംപ്രതിരോധം
കോട്ടയം : വേനൽമഴയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത. ചങ്ങനാശേരി, കുറിച്ചി, മാടപ്പള്ളി എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. ചില ഇടങ്ങളിൽ നഗരസഭ കൗൺസിലർമാർ ഇടപെട്ട് വിവരം പുറത്തു അറിയിക്കാതെ ഇരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ശുദ്ധ ജലത്തിന്റെ അഭാവത്തിൽ ആണ് കൂടുതൽ പേർക്കും രോഗം പിടിപെടുന്നത്. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുകയാണ്. ഓടകൾ അടഞ്ഞ് മാലിന്യം റോഡിലൂടെ പരന്നൊഴുകുയാണ്. സമീപത്തെ വീടുകളിലെ കിണറുകളിലേക്കും മലിനജലം എത്താൻ ഇത് ഇടയാക്കും. നഗരത്തിലും, പടിഞ്ഞാറൻ മേഖലയിൽ കുമരകം, അയ്മനം ഭാഗങ്ങളിൽ ഓടകളുടെ മൂടി നീക്കി മാലിന്യം മാറ്റുന്ന ജോലികളും തോടുകൾ വൃത്തിയാക്കലും ആരംഭിച്ചെങ്കിലും പൂർണമായില്ല. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ ആരംഭിച്ചാൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാമെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലമാണ്.
വില്ലനായത് പഞ്ചായത്ത് കുടിവെള്ളം
മാടപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളൂക്കുന്ന് പ്രദേശത്ത് താമസിക്കുന്ന അമൽജിത് (17), അഭിജിത് (20), അജിത് (18) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മിണി രാധാകൃഷ്ണൻ, നീന കൃഷ്ണൻ, അമ്പിളി എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സിലാണ്. കുടിവെള്ളത്തിൽ നിന്നാണോ മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
മടിക്കല്ലേ ചികിത്സയ്ക്ക്
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കണം
ശരീര വേദന,പനി, തലവേദന, ഛർദ്ദി തുടങ്ങിയവ ലക്ഷണം
മൂത്രത്തിനും, കണ്ണിനും മഞ്ഞനിറം പ്രത്യക്ഷപ്പെടാം
രക്ത പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം
പുറത്ത് നിന്ന് ഭക്ഷണം കഴിവതും ഒഴിവാക്കുക
വെള്ളം ഉൾപ്പെടെ ആഹാരങ്ങൾ അടച്ചുവയ്ക്കുക
''സ്‌കൂൾ, കോളേജ് തുടങ്ങിയ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് പകർച്ചവ്യാധി വ്യാപനം. മഴ ശക്തമാകുമ്പോൾ മറ്റ് സാംക്രമിക രോഗസാദ്ധ്യതയും ഏറുന്നു. കൃത്യമായി ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ തേടണം.
(ആരോഗ്യ വകുപ്പ് അധികൃതർ)