കൂട്ടത്തോൽവിയിൽ പരസ്പരം 'കാലുവാരൽ ' ആക്ഷേപം

Thursday 21 May 2026 12:06 AM IST

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനുണ്ടായ കൂട്ടത്തോൽവിയ്ക്കിടയാക്കിയത് പരസ്പരം കാലുവാരലെന്ന് സി.പി.എം, സി.പി.ഐ, മാണി ഗ്രൂപ്പ് വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സി.പി.എം ക്രോസ് വോട്ട് ചെയ്തെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം, സി.പി.ഐ തിരഞ്ഞെടുപ്പ് വിലയിരുത്തലിൽ കേരള കോൺഗ്രസ് (എം) വോട്ടുകൾ മഴുവനായി ഇടതുസ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ലെന്നും യു.ഡി.എഫിന് മറിച്ചുവെന്നും വിമർശനം ഉയർന്നു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും, ഇടതു മുന്നണി ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യുവിന്റെ വാർഡിൽ ഇടതുസ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഉയർത്തിയായിരുന്നു വിമർശനം. കേരള കോൺഗ്രസ് (എം) ജനപ്രതിനിധികളുടെ വാർഡുകളിലും എൽ.ഡി.എഫ് പിന്നിലായി. ഏറ്റുമാനൂർ മണ്ഡലത്തിൽപ്പെട്ട അതിരമ്പുഴ,​ നീണ്ടൂർ,​ ആർപ്പൂക്കര, ഏറ്റുമാനൂർ നഗരസഭ എന്നിവിടങ്ങളിലെ കേരള കോൺഗ്രസ് (എം ) വോട്ടുകൾ മറിഞ്ഞതാണ് വി.എൻ.വാസവന്റെ തോൽവിയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. പുതുപ്പള്ളിയിൽ കേരള കോൺഗ്രസ് (എം) ശക്തികേന്ദ്രങ്ങളായ അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലും ക്രോസ് വോട്ടിംഗ് നടന്നുവെന്ന് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു.

വൈക്കത്ത് കേരള കോൺഗ്രസ് വോട്ടുകൾ ലഭിച്ചില്ലെന്നായിരുന്നു സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തൽ.

ടീം എൽ.ഡി.എഫായില്ല

കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ തോറ്റത് ഇടതുവോട്ടുകൾ പൂർണമായി ലഭിച്ചതിനാലാണെന്നാണ് സി.പി.എം, സി.പി.ഐ വിലയിരുത്തൽ. യു.ഡി.എഫ് ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ എൽ.ഡി.എഫിന് അതിനായില്ലെന്നും, ഘടക കക്ഷികൾക്ക് പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ തെളിയിക്കുന്നത്. ഇനി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന സി.പി.എം, സി.പി.ഐ ഏരിയ കമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. ഇവിടെയും രൂക്ഷ വിമർശനം ഉണ്ടായേക്കും.