76 സ്കൂൾ വാഹനങ്ങളിൽ അപാകത, പുന:പരിശോധനയ്ക്ക് ഹാജരാക്കണം
കോട്ടയം: കോട്ടയം ആർ.ടി.ഒയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഇന്നലെ മണർകാട് പള്ളി ഗ്രൗണ്ടിൽ നടന്നു. പരിശോധനയ്ക്കായി ഹാജരാക്കിയ 236 വാഹനങ്ങളിൽ ടെസ്റ്റ് പാസായ വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിനുള്ള സ്റ്റിക്കർ പതിച്ച് നൽകി. അപാകതകൾ കണ്ടെത്തിയ 76 വാഹനങ്ങൾ ന്യൂനതകൾ പരിഹരിച്ച് പുന:പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആർ.ടി.ഒ നിർദ്ദേശിച്ചു. ഇനിയും പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിന് മുൻപായി ഫിറ്റ്നസ് ഗ്രൗണ്ടിൽ പരിശോധനയ്ക്ക് എത്തിച്ച് സ്റ്റിക്കർ ലഭ്യമാക്കിയതിനുശേഷം മാത്രമേ സർവീസ് നടത്താനാകൂ. പരിശോധനയോടനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് സുരക്ഷാ ക്ലാസിൽ സ്കൂൾ വാഹന ഡ്രൈവർമാരും അറ്റൻഡർമാരും ഉൾപ്പെടെ 462 പേർ പങ്കെടുത്തു. ആർ.ടി.ഒ ഡി.ജയരാജ്, എം.വി.ഐമാരായ ഇ.മാലിക്, രാജേഷ് കുമാർ, രഞ്ജിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ എസ്.അഖിലൻ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്ന വിധവും അടിയന്തര സാഹചര്യങ്ങളിലെ പ്രഥമ ശുശ്രൂഷയും വിശദീകരിച്ചു. ചൈതന്യ ഐ കെയർ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ നേത്രപരിശോധന ക്യാമ്പിൽ 127 സ്കൂൾ ഡ്രൈവർമാർ പങ്കെടുത്തു. പരിശോധനയിൽ 33 ഡ്രൈവർമാർക്ക് തിമിരവുമായി ബന്ധപ്പെട്ട കാഴ്ച വൈകല്യം കണ്ടെത്തിയതിനാൽ തുടർ ചികിത്സ നിർദേശിച്ചു.