കാലവർഷം അരികെ, വൻമരങ്ങൾ ഭീഷണി... ആടിയുലഞ്ഞ് ദുരന്തം, തലഉയർത്തി അനാസ്ഥ
കോട്ടയം : ഊരുറപ്പിച്ച് ഇവിടെ എങ്ങനെ നിൽക്കും. മുകളിലേക്ക് നോക്കുമ്പോഴേ മുട്ടുവിറയ്ക്കും. ഒരു കാറ്റ് വീശിയാൽ ആശങ്ക പതിന്മടങ്ങാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വൻമരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഭൂരിഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ. ചിലതാകട്ടെ വഴിയിലേക്ക് ചാഞ്ഞ് നിൽക്കുന്നു. ഒരാഴ്ച മുൻപുണ്ടായ വേനൽമഴയിൽ നിരവധിയിടങ്ങളിലാണ് മരങ്ങൾ കടപുഴകിയത്. വൈദ്യുതി പോസ്റ്റുകൾ അടക്കം നിലംപൊത്തി. വൻനഷ്ടമാണ് ഇതുവഴിയുണ്ടായത്. ശക്തമായ കാറ്റിൽ ശിഖരങ്ങൾ ഉരസി തീപ്പൊരി ഉണ്ടാകുന്നതിനും ലൈനുകൾ പൊട്ടിപ്പോകുന്നതിനും ഇടയാക്കുന്നു. നഗരത്തിൽ ചന്തക്കടവ് റോഡിൽ നിരവധി മരങ്ങളാണ് ചാഞ്ഞ് നിൽക്കുന്നത്. ചില മരങ്ങളുടെ ശിഖരങ്ങൾ യാത്രക്കാരെയും ചെറുവാഹനങ്ങളെയും തട്ടുന്ന രീതിയിലാണ് താഴ്ന്ന് നിൽക്കുന്നത്. കഞ്ഞിക്കുഴി, കഞ്ഞിക്കുഴി പാലം, സി.എം.എസ് കോളേജ് റോഡ്, നാട്ടകം, ടി.ബി റോഡ് എന്നിങ്ങനെ നിരവധിയിടങ്ങളിലാണ് അപകടകരമായ രീതിയിൽ മരക്കൊമ്പുകൾ താഴ്ന്ന് കിടക്കുന്നത്.
മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി
അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ തന്നെ ലംഘിക്കുന്നതാണ് കാഴ്ച. ചുവട് ഇളകിയ മരങ്ങൾ പോലും മുറിച്ച് മാറ്റാൻ തയ്യാറാകുന്നില്ല. ഉയരം കൂടിയ ട്രക്കുകൾ ഉൾപ്പെടെ കടന്നു പോകുമ്പോൾ മരക്കൊമ്പിൽ തങ്ങുന്നതിനും ഇടയാക്കുന്നുണ്ട്. ശിഖരങ്ങളടക്കം വൈദ്യുതി കമ്പിയിൽ തൊട്ടുരുമിയാണ് നിൽക്കുന്നത്. ഇത് അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടും. ഭാഗ്യം കൊണ്ടാണ് വൻഅപകടങ്ങൾ ഒഴിവാകുന്നത്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല.
സ്കൂൾ തുറക്കാറായി
അദ്ധ്യയനവർഷം അടുത്തിരിക്കെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകും
കുട്ടികളെ സുരക്ഷയെക്കരുതി മരശിഖരങ്ങൾ മുറിച്ച് മാറ്റണമെന്നാണാവശ്യം
കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരങ്ങളുമുണ്ട്
''ചന്തക്കടവ് റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. വലിയ ട്രക്കുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡാണിത്. മരക്കൊമ്പുകൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണം.
-(മാർക്കറ്റ് യൂണിയൻ തൊഴിലാളികൾ)