വാഹനത്തിന് പണി കിട്ടും, യാത്രക്കാർക്കും....... റോഡിൽ അള്ളുവച്ച് ശുദ്ധ തോന്ന്യാസം

Saturday 23 May 2026 12:09 AM IST

മുണ്ടക്കയം : ആരെങ്കിലും വിചാരിക്കുമോ റോഡിൽ ഇങ്ങനെ ഒരു ചതിക്കുഴി കാത്തിരിപ്പുണ്ടെന്ന്. സുഗമമായി വന്ന ബൈക്ക് പെട്ടെന്നാണ് നിന്നത്. ഒപ്പം ശബ്ദവും. ഭാഗ്യം കൊണ്ട് മറിഞ്ഞില്ല. ഇറങ്ങി നോക്കുമ്പോൾ കാണുന്നത് ടയർ പഞ്ചർ. സമീപത്തായി തേങ്ങയുടെ പച്ചത്തൊണ്ട് കിടക്കുന്നു. സൂക്ഷിച്ച് നോക്കിയപ്പോൾ അതിനുള്ളിൽ ആണി അടിച്ചുകയറ്റിരിക്കുകയാണ്. തീർന്നില്ല റോഡിന്റെ പലഭാഗങ്ങളിലും മുള്ളുവേലിയും മുറിച്ചിട്ടിരിക്കുന്നു. ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ ക്രൂരവിനോദത്തിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടല്ലോയെന്നത് ആശ്വാസം. പുലിക്കുന്ന് മുളങ്കുന്ന് മേഖലയിലാണ് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്നാണ് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കയം സി.ഐ ജെ.എസ് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

ലഹരിയിൽ കിറുങ്ങി അഴിഞ്ഞാട്ടം

സമീപപ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സംഘമാണ് പുലിക്കുന്നിന്റെ വിവിധ മേഖലകളിൽ തമ്പടിക്കുന്നത്. ആളൊഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ചാണ് സംഘം നിലയുറപ്പിക്കുന്നത്. എം.ഡി.എം.എയും, കഞ്ചാവും, മദ്യവും ഇവരുടെ പക്കൽ സുലഭമാണ്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം. എക്സൈസും പ്രദേശത്ത് ശ്രദ്ധ പതിപ്പിക്കണം.

''അപരിചിതരായ യുവാക്കളെ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അധികൃതർ കാര്യക്ഷമമായി വിഷയത്തിൽ ഇടപെടണം.

ടി.ടി.സാബു, വാർഡ് മെമ്പർ