ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ 2026
മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ 'ഉല്ലാസപ്പറവകൾ 2026' വെള്ളാപ്പള്ളി നടേശൻ സപ്തതി സ്മാരക ഹാളിൽ 24ന് നടക്കും. ഒന്നു മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9ന് നടക്കുന്ന സമ്മേളനം അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തും. യജ്ഞാചാര്യ ഗുരു കോകിലം ഡോ.ഗീത അനിയനെ പൊന്നാട അണിയിച്ച് ആദരിക്കും. യോഗം ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ മോഹനൻ, രാജപ്പൻ ആണ്ടുക്കുനേൽ, പി.എ വിശ്വംഭരൻ, എം.എ.ഷിനു, ശോഭ യശോധരൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ എം.വി ശ്രീകാന്ത്, കൺവീനർ കെ. റ്റി വിനോദ്, വനിതാസംഘം പ്രസിഡന്റ് പത്മിനി രവീന്ദ്രൻ, സെകട്ടറി സിന്ധു മുരളീധരൻ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 10:30ന് കളിയും ചിരിയും എന്ന വിഷയത്തിൽ സോഫ്റ്റ് സ്‌കിൽ ട്രെയിനർ ഷാജി മാരൂർ ആലപ്പുഴ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 1:30 മുതൽ ക്യാമ്പ് അംഗങ്ങളുടെ മാനസിക ഉല്ലാസ പരിപാടികൾ, 2:30 മുതൽ മകൾ അറിയാൻ മക്കളെ അറിയാൻ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ അജി അരവിന്ദ് ക്ലാസ് നയിക്കും. തുടർന്ന് ക്യാമ്പ് അവലോകനം. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ അതാത് ശാഖാ സെക്രട്ടറിമാരിൽ പേര് നൽകണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് അറിയിച്ചു. 250 പേർക്കാണ് സൗജന്യ പ്രവേശനം.