വിൽപ്പന കൂടി ഇനി ഖാദിയാണ് താരം
അഞ്ച് ദിവസത്തിനുള്ളിൽ വിറ്റത് 20 ലക്ഷത്തിലധികം രൂപയുടെ ഖാദി വസ്ത്രങ്ങൾ
കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം ഖാദി മേഖല വീണ്ടും ഖദർ തിളക്കത്തിൽ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ വരവോടെ രാഷ്ട്രീയ-പൊതു രംഗങ്ങളിൽ ഖാദി വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറി. കൂടാതെ, യുവതലമുറയെ ആകർഷിക്കുന്ന ഫാഷൻ ഡിസൈനുകളും മസ്ലിൻ, സിൽക്ക് പോലുള്ള വൈവിദ്ധ്യമാർന്ന വസ്ത്രങ്ങളുടെ വരവും മേഖലയ്ക്ക് കരുത്തുപകരുകയാണ്. മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 20 ലക്ഷത്തിലധികം രൂപയുടെ ഖാദി തുണിത്തരങ്ങളാണ്. പരുക്കൻ ഖദറിന് പകരം മസ്‌ലിൻ, സിൽക്ക്, ഡിസൈനർ വസ്ത്രങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ പ്രിയം. കോൺഗ്രസ് നേതാക്കൾ പലരും ഖാദി വസ്ത്രങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
പ്രിയം മസ്‌ലിനോട്
പരുക്കൻ ഖദറെന്ന് അറിയപ്പെടുന്ന 33 കൗണ്ട് ഖദറായിരുന്നു നേരത്തേ ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ കനം കുറഞ്ഞ മസ്‌ലിൻ തുണിത്തരങ്ങളോടാണ് പ്രിയം. കൂടാതെ സിൽക്ക് അടക്കമുള്ള വൈവിദ്ധ്യമാർന്ന ഇനം ഖാദിയും വിൽക്കുന്നുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ വിറ്റൊഴിഞ്ഞത് ഡാക്കാ മസ്ലിൻ, മിനിസ്റ്റേഴ്സ് ഖാദി ഷർട്ട് പീസുകൾക്കും അതിനനുയോജ്യമായ ദോത്തികളുമാണ്.
ഖാദി ഷർട്ടിനോട് പ്രിയമുള്ളവരാണ് പുതു തലമുറ. ഷർട്ടിന് 500 രൂപ മുതലും മുണ്ടിന് 600 ന് മുകളിലുമാണ് വില. ഈ വർഷത്തെ വേനൽ ചൂട് കണക്കിലെടുത്ത് സർക്കാർ അനുവദിച്ച 30 ശതമാനം റിബേറ്റിനോടനുബന്ധിച്ച് നിലവിൽ സമ്മർ കൂൾ മേളയും ഖാദിയിൽ നടന്നുവരുന്നുണ്ട്. 30 വരെ 30 ശതമാനം റിബേറ്റ് ഉണ്ട്. കൂടാതെ ചിലയിനങ്ങൾക്ക് 50 ശതമാനം വരെ കിഴിവും നൽകുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്നത് നിർബന്ധമാക്കുന്ന പരിഷ്കാരം കൊണ്ടു വന്നാൽ ഖാദി രംഗത്തുള്ളവർക്ക് ആശ്വാസമാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. വരും ദിവസങ്ങളിലും വിൽപന ഉയരുമെന്ന പ്രതീക്ഷയിലാണ് ഖാദി സംഘങ്ങൾ.