ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്മെന്റ് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഒമ്പതാമത് മിന്നുകെട്ട്
കോഴിക്കോട്: ശ്രീകണ്ഠേശ്വരക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തിൽ നിർധന യുവതികൾക്കായി ഏർപ്പെടുത്തിയ ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്മെന്റ് പദ്ധതിയിൽ ഒൻപതാമത്തെ വിവാഹം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്നു. വെസ്റ്റ്ഹിൽ കുമ്മാട്ടിക്കുളം വയലിലുള്ള അന്തോണിയുടെ മകൾ അഞ്ജലിയും നടക്കാവ് സി .എം.സി കോളനിയിലെ രാജുവിന്റെ മകൻ കണ്ണനുമാണ് വിവാഹിതരായത്. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം വൈസ് പ്രസിഡന്റും കൊച്ചിൻ ബേക്കറി ഉടമയുമായ എം. പി രമേഷിന്റെ മകൾ ഭാഗ്യലക്ഷ്മിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ഭാഗ്യലക്ഷ്മി മേര്യേജ് എൻഡോവ്മെന്റ് പദ്ധതി. വധുവിനുളള സ്വർണ്ണാഭരണങ്ങൾ എം.പി. രമേഷും ഭാര്യ ലവീണ രമേഷും ചേർന്ന് സമ്മാനിച്ചു. വധൂവരൻമാർക്കുള്ള വിവാഹ വസ്ത്രങ്ങൾ ക്ഷേത്രയോഗം ഡയരക്ടറും ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഉടമയുമായ പി. പി. മുകുന്ദൻ നൽകി. വൈസ് പ്രസിഡന്റ് രമേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ് ജയശ്രീ മുഖ്യാതിഥിയായി. മുൻ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, ക്ഷേത്രയോഗം ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, പ്രാദേശിക കമ്മിറ്റി കൺവീനർമാർ, ഓഫീസ് സ്റ്റാഫ് എന്നിവർ സംബന്ധിച്ചു. ഭക്ഷണമടക്കമുള്ള മറ്റ് ചെലവുകളും ക്ഷേത്രയോഗമാണ് വഹിച്ചത്.