പാചകവാതക ക്ഷാമത്തിൽ കാറ്ററിംഗിന് മരണമണി
കോഴിക്കോട്: പാചകവാതക ക്ഷാമത്തിന് പിന്നാലെ വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുകയും ചെയ്തതോടെ കേരളത്തിലെ കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിൽ. ബിരിയാണി അരി, ഇറച്ചി, പലചരക്ക് സാധനങ്ങൾ, കോഴിയിറച്ചി, പോത്തിറച്ചി, പലവ്യഞ്ജനങ്ങൾ, വാഴയില എന്നിവയുടെ വിലക്കയറ്റവും തിരിച്ചടിയായി.
വിവാഹ- ആഘോഷ സീസണിലുണ്ടായ പ്രതിസന്ധിയിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട-മിഡിൽ സ്കെയിൽ കാറ്ററിംഗ് യൂണിറ്റുകൾ പ്രതിദിനം 5,000 മുതൽ 8,000 രൂപ വരെ നഷ്ടത്തിലാണ്. മാസങ്ങൾക്ക് മുമ്പ് കുറഞ്ഞ നിരക്കിൽ കരാറൊപ്പിട്ട ഓർഡറുകൾ പലതും നിലവിലെ സാഹചര്യത്തിൽ റദ്ദാക്കുകയാണ്. കോഴിക്കോട് ഉൾപ്പെടെ മലബാർ മേഖലയിലെ ഒട്ടേറെ കാറ്ററിംഗ് യൂണിറ്റുകൾ പ്രവർത്തനം നിർത്തിവെച്ചതായി ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) ഭാരവാഹികൾ പറഞ്ഞു .ഗ്യാസ് കിട്ടാതായതോടെ പലരും വിറകടുപ്പുകളിലേക്ക് മാറിയെങ്കിലും വിറകിന്റെ വില കിലോയ്ക്ക് 120 രൂപ മുതൽ 140 വരെ ഉണ്ടായിരുന്നത് 160 മുതൽ 180 ആയി ഉയർന്നു. പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരവുമായി തെരുവിലിറങ്ങിയിരുന്നു.
"സമരം നടത്തുന്നതിനൊക്കെ പരിധികളുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാനാകൂ."
-സുരേഷ് ഇ. നായർ
കേരള കാറ്ററേഴ്‌സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി