തെങ്ങിലക്കടവിൽ വരും കാൻസർ സെന്റർ,​ പഠന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം

Monday 01 June 2026 12:21 AM IST

കോഴിക്കോട്: കാൻസർ ചികിത്സ കാര്യക്ഷമമാക്കാൻ തെങ്ങിലക്കടവ് കാൻസർ കെയർ സെന്റർ ജില്ല പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നത് സംബന്ധിച്ച് പഠന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം. ഏറ്റെടുക്കുമ്പോൾ ഉണ്ടാവുന്ന ചെലവും മറ്റും പഠിക്കാൻ ജില്ല പഞ്ചായത്ത് പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ വിദഗ്ദ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതി ജൂൺ പതിനഞ്ചോടെ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. മാവൂരിനടുത്തുള്ള തെങ്ങിലക്കടവിലാണ് കാൻസർ കെയർ സൊസൈറ്റിയുള്ളത്. മൂന്നര വർഷം മുമ്പാണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. ഒരു ട്രസ്റ്റാണ് സർക്കാരിന് സ്ഥലം നൽകിയത്. രണ്ട് വർഷം മുമ്പ് ആരോഗ്യ വകുപ്പ് ഒരു കോടി ചെലവിട്ട് കെട്ടിടം നവീകരിച്ചിരുന്നു. ഇവിടെ ആവശ്യമായ സംവിധാനമൊരുക്കി പ്രവർത്തനം വിപുലപ്പെടുത്താനാണ് ആലോചന.

ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പിൽ നിലനിറുത്തി കോഴിക്കോട് മെഡിക്കൽ കോളേജുമായി സഹകരിച്ച് കാൻസർ കെയർ സെന്റർ ആരംഭിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ജില്ല പഞ്ചായത്തിനായിരിക്കും നിയന്ത്രണം. ഇത് സംയുക്ത പ്രോജക്ടായി ഏറ്റെടുക്കാൻ സർക്കാർ അനുമതിക്കായി ഏപ്രിൽ ഒന്നിനു ജില്ലാ പഞ്ചായത്തിൽ നിന്ന് അഡീഷണൽ സെക്രട്ടറിക്കു കത്തയച്ചിരുന്നു.

കാൻസർ വർദ്ധന 20 ശതമാനം

കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവുണ്ടെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. ജീവിത ശെെലി മാറ്റമാണ് പ്രധാന കാരണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണവും കൂടുതലാണ്.

സെന്ററിലുണ്ടാവുക ഇവ

കാൻസർ നിർണയ സൗകര്യം

ബോധവത്കരണ പരിപാടികൾ

മൊബൈൽ കാൻസർ യൂണിറ്റ്

അടിസ്ഥാന സൗകര്യ വികസനം

കാൻസർ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗം നേരത്തേ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാം.

-കെ.കെ നവാസ്

വെെസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്.