ഭക്ഷണത്തിൽ സ്വാതന്ത്ര്യം; ഹിറ്റായി 'ജയിൽ ഭക്ഷണം'
കോഴിക്കോട്: ചെറുകിട ഹോട്ടലുകളിൽ പോലും ഒരു ചപ്പാത്തിക്ക് 12 രൂപയാണ്. എന്നാൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ജയിൽവകുപ്പ് തയ്യാറാക്കി വാഹനത്തിലെത്തിച്ച് വിൽക്കുന്ന ചപ്പാത്തിയൊന്നിന് വെറും മൂന്ന് രൂപ! ചിക്കൻ ബിരിയാണിക്ക് 70 രൂപ! ചില ഹോട്ടലുകളിൽ ഒരു ചപ്പാത്തിക്ക് 15 രൂപയാണ്. ജയിൽ ചപ്പാത്തി പത്തെണ്ണമടങ്ങുന്ന പായ്ക്കറ്റിന് 30 രൂപ മാത്രം. മുട്ടക്കറിക്കും വെജിറ്റബിൾ കറിക്കും 20 രൂപ വീതം. 50 രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം സുഭിക്ഷം.
പാചക വാതകത്തിന് വില വർദ്ധിച്ചപ്പോഴും കിഡ്സൺ കോർണറിൽ വിലക്കുറവിൽ ഭക്ഷണവിൽപ്പന തുടരുകയാണ്. പാചകവാതക ക്ഷാമം രൂക്ഷമായിരുന്നപ്പോൾ കുറച്ചുകാലം വിതരണം നിറുത്തിയിരുന്നു. മേയ് ഒന്നു മുതൽ പുനരാരംഭിച്ചപ്പോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമായി. വിദ്യാർത്ഥികളും യുവാക്കളും മിഠായിത്തെരുവിലെത്തുന്ന സന്ദർശകരും വിലക്കുറവ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ധന വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ പച്ചക്കറിക്ക് ഉൾപ്പെടെ വില വർദ്ധിക്കുകയാണെങ്കിലും ജയിൽ വകുപ്പിന്റെ ഭക്ഷണ വിതരണം വിലക്കുറവിലായിരിക്കുമെന്നാണ് സൂചന. മുമ്പുള്ളതിനേക്കാൾ വിൽപ്പന കൂടിയിട്ടുമുണ്ടിപ്പോൾ.
- ഫുഡ് ഫോർ ഫ്രീഡം
ലാഭം പ്രതീക്ഷിക്കാത്തതിനെ തുടർന്നാണ് ജയിൽ വകുപ്പിന് വില കൂട്ടാതെ പടിച്ചു നിൽക്കാനാവുന്നത്. ഇന്ധനവില കുതിച്ചുയരുമ്പോൾ എത്രകാലം ഇങ്ങനെ തുടരാനാകുമെന്ന് കണ്ടറിയണം. പ്രതിസന്ധിയുണ്ടെങ്കിലും പുറമെയുള്ള ഓർഡറുകളുടെ എണ്ണം കുറച്ചുമാണ് പിടിച്ചു നിൽക്കുന്നതെന്ന് ജയിലധികൃതർ പറയുന്നു. ജയിൽ വകുപ്പിന്റെ ഹിറ്റായ സംരംഭമാണ് 'ഫുഡ് ഫോർ ഫ്രീഡം'. തടവുപുള്ളികളുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. രാവിലെ 11 മുതലാണ് കോഴിക്കോട് ജില്ലാ ജയിലിന് മുന്നിലെ കൗണ്ടറിലും മിഠായിത്തെരുവിലുമായി വിതരണം.
ഇനം, വില
ചിക്കൻ ബിരിയാണി.... 70
ചപ്പാത്തി പത്തെണ്ണം....30
ചിക്കൻ 65.... 65
ചിക്കൻ കറി....30
മുട്ടക്കറി....20
വെജ് കറി.....20
കുപ്പിവെള്ളം....10