എവറസ്റ്റ് കീഴടക്കി വയനാടിന്റെ മരുമകൾ; ചരിത്രത്തിന്റെ നെറുകയിൽ സുഹറ

Wednesday 03 June 2026 12:56 AM IST
സുഹറ സിറാജ് എവറസ്റ്റ് കീഴടക്കിയപ്പോൾ

കൽപ്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയ സന്തോഷത്തിലാണ് സുഹറ സിറാജ്. എലൈറ്റ് എക്സ്‌പെഡിഷൻ ഏജൻസിക്കൊപ്പമാണ് 44കാരിയായ സുഹറ പർവതാരോഹണം നടത്തിയത്. 14 അംഗ സംഘത്തിലെ 12പേർ എവറസ്റ്റ് കീഴടക്കിയിരുന്നു. രണ്ടുപേർക്ക് അനാരോഗ്യം കാരണം സാധിച്ചില്ല. കഴിഞ്ഞ സമ്മർ സീസണിൽ പർവതാരോഹണത്തിന് ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചു. പരിശീലനം തുടർന്ന് ആത്മവിശ്വാസത്തോടെ സുഹറ കാത്തിരുന്നു. ഒടുവിൽ ഈ വർഷം തന്റെ വലിയ സ്വപ്നം പൂർത്തിയാക്കുകയും ചെയ്തു. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയാണ് സുഹറ സിറാജ്.

''കുഞ്ഞുനാളിലേ എവറസ്റ്റിനെക്കുറിച്ച്‌കേൾക്കാറുണ്ട്. 2017 മുതലാണ് മലകൾ കീഴടക്കണമെന്ന ആഗ്രഹം മനസിൽതോന്നി തുടങ്ങിയത്.'' സുഹറ പറഞ്ഞു. മഞ്ചേരി സ്വദേശിനിയായ സുഹറയെ വയനാട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്. വയനാട്ടിലെ മലകൾ കയറിയതോടെയാണ് മലകൾ കയറണമെന്ന ആഗ്രഹം മനസിലുദിച്ചത്.ലക്ഷക്കണക്കിന് രൂപയാണ് തന്റെ സ്വപ്നം യാഥാർഥ്യമാക്കാനായി സുഹറ ചെലവഴിച്ചത്.

''274പേരാണ് ഒരു ദിവസം എവറസ്റ്റ് കയറിയത്. നേപ്പാൾ ഭാഗത്തുകൂടെയായിരുന്നു കൊടുമുടി കയറിയത്. കുടുംബമാണ് കരുത്തായി കൂടെ നിന്നത്. 7 ഭൂഖണ്ഡങ്ങൾ കീഴടക്കുക എന്നതാണ് അടുത്ത ലക്ഷ്യം" സുഹറ പറയുന്നു.

ലോകത്തിന്റെ നെറുകയിൽ പ്രിയതമ കാലുകുത്തിയതിന്റെ സന്തോഷത്തിലാണ് ഭർത്താവ് സിറാജും മക്കളായ എമിറും എഹബിനും. ഒരു ദിവസം ഏറ്റവും കൂടുതൽപേർ എവറസ്റ്റ് കീഴടക്കിയെന്ന റെക്കോർഡിട്ട സംഘത്തിലെ അംഗം കൂടിയായി സുഹറ.എൻജിനീയറായ ഭർത്താവ് സിറാജിനോടൊപ്പം ബംഗളുരുവിലാണ് ഇപ്പോൾ താമസം.