വെള്ളക്കെട്ട് പ്രശ്നത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ

Wednesday 03 June 2026 12:05 AM IST
മഴക്കാല മുന്നൊരുക്ക പ്രവർത്തനം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം ഫലപ്രദമല്ലെന്ന ആക്ഷേപത്തിന് പിന്നാലെ പ്രശ്നത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ. ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയെ തുടർന്ന് കോഴിക്കോട്ടും മറ്റും വെള്ളക്കെട്ടുണ്ടാകുന്നത് റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേപ്പറ്റി അന്വേഷിക്കുമെന്ന് മന്ത്രി തിങ്കളാഴ്ച കളക്ടറേറ്റിൽ മഴക്കാല മുന്നൊരുക്ക അവലോകന യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു. ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമെന്ന് ജില്ലാ കളക്ടറും ഉറപ്പു നൽകിയിരുന്നു. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കുമെന്നും കളക്ടർ അറിയിച്ചു.

നഗരത്തിലെ പ്രധാന റോഡുകളിലും ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിന് അടിയന്തര നടപടികളെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദേശീയപാതയോരത്തെ അഴുക്കുചാലുകളിൽ തടസമില്ലെന്ന് ഉറപ്പാക്കണം. തടസമുള്ള സ്ഥലങ്ങൾ പരിശോധിച്ച് നീരൊഴുക്ക് സുഗമമാക്കണം. ഇതിനുള്ള പ്രവൃത്തികൾ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടർ ദേശീയപാത അധികൃതരെ അറിയിച്ചു.

പ്രധാന റോഡുകളിലെ പ്രശ്നം വിലയിരുത്തി

നഗരത്തിലെ പ്രധാന റോഡുകളായ മാനാഞ്ചിറ മലാപ്പറമ്പ് റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിലെ പ്രശ്നങ്ങളും ജില്ലാ കളക്ടർ വിലയിരുത്തി. നടക്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം, പുതിയ സ്റ്റാൻഡ് ജംഗ്ഷൻ, എരഞ്ഞിപ്പാലം ഭാഗങ്ങളിലെ ഡ്രെയിനേജുകൾ കാര്യക്ഷമമാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ദേശീയപാത അഴിയൂർവെങ്ങളം റീച്ചിൽ വടകര, മടപ്പള്ളി, പയ്യോളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതിൽ മടപ്പള്ളി ഭാഗത്തെ പ്രശ്നം പരിഹരിച്ചതായി ദേശീയപാത അധികൃതർ അറിയിച്ചു.

ദ്രുതകർമ്മസേന സജ്ജം

മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദ്രുത കർമ്മസേനയും വനം വകുപ്പിന് കീഴിലെ പ്രൈമറി റെസ്‌പോൺസ് ടീമും സജജമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എം.സജീദും ദേശീയപാത, പി.ഡബ്ല്യു.ഡി, മോട്ടോർ വാഹനവകുപ്പ്, കെ.ആർ.എഫ്.ബി, വനം തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.