മലബാറിന് പുതിയ ദീർഘദൂര പ്രതീക്ഷ : ജബൽപൂർ–കോയമ്പത്തൂർ ട്രെയിൻ സ്ഥിര സർവീസാകും
തിരൂർ: ദീർഘ ദൂര യാത്രക്കാർക്ക് റെയിൽവേയുടെ പെരുന്നാൾ സമ്മാനമായി ജബൽപൂർ-കോയമ്പത്തൂർ വീക്കിലി സ്പെഷ്യൽ എക്സ്പ്രസ് സ്ഥിര സർവീസായി മാറുന്നു. നിലവിൽ പ്രത്യേക ട്രെയിനായി സർവീസ് നടത്തി വന്നിരുന്ന 02160/02159 ജബൽപൂർ-കോയമ്പത്തൂർ പ്രതിവാര എക്സ്പ്രസിനെയാണ് സ്ഥിരം സർവ്വീസാക്കി റെയിൽവേ ബോർഡ് അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ഡയറക്ടർ (കോച്ചിംഗ്) സഞ്ജയ് ആർ. നീലാം പുറത്തിറക്കി.സ്ഥിര സർവീസാകുന്നതോടെ ട്രെയിനിന്റെ സ്പെഷ്യൽ ചാർജ് ഒഴിവായി സാധാരണ എക്സ്പ്രസ് നിരക്കാകും ഈടാക്കുക. യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന പ്രധാന പരിഷ്കാരമാണിത്. കൂടാതെ ട്രെയിനിന്റെ നമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രത്യേക സർവീസായിരുന്നതിനാൽ ഏത് സമയത്തും റദ്ദാക്കപ്പെടാമെന്ന അനിശ്ചിതത്വത്തിലാണ് ട്രെയിൻ ഓടിക്കൊണ്ടിരുന്നത്. സ്ഥിരപ്പെടുത്തലോടെ ആ ആശങ്കക്കും വിരാമമായി.
20160 ജബൽപൂർ–കോയമ്പത്തൂർ എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 11.50ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കോയമ്പത്തൂരിലെത്തും. തിരിച്ചുള്ള 20159 കോയമ്പത്തൂർ–ജബൽപൂർ എക്സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് 5.05ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.45ന് ജബൽപൂരിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊറണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ മലബാർ മേഖലയ്ക്ക് പുതിയൊരു ദീർഘദൂര പ്രതിവാര ട്രെയിൻ കൂടി ലഭിക്കുകയാണ്. സർവീസിന് ഇതിനോടകം തന്നെ യാത്രക്കാർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
യാത്ര എളുപ്പമാക്കും
മംഗളൂരു, ഉദുപ്പി, കുന്ദപുര, മൂകാംബിക റോഡ്, മഡ്ഗാവ്, പൻവേൽ, നാസിക് റോഡ്, ഖണ്ഡ്വാ, ഇറ്റാർസി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. മുംബൈ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് പൻവേലിൽ ഇറങ്ങി യാത്ര തുടരാനാകുമെന്നതും ട്രെയിനിന്റെ പ്രത്യേകതയാണ്. ഗോവ, കര്‍ണാടക തീരദേശ മേഖലകളിലേക്കുള്ള യാത്രകൾക്കും സർവീസ് ഏറെ സഹായകരമാകും.തിരിച്ചുള്ള സർവീസിൽ കോയമ്പത്തൂരിലേക്കും വലിയ തോതിൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തൽ. മധ്യപ്രദേശ് മേഖലയിലേക്കുള്ള വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വ്യാപാര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കും ട്രെയിൻ ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ആഴ്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന ട്രെയിനിന്റെ പരിപാലനം ജബൽപൂറിലും കോയമ്പത്തൂരിലുമായിരിക്കും. ഇറ്റാർസി, ഭുസാവൽ, മഡ്ഗാവ്, മംഗളൂരു എന്നിവിടങ്ങളിൽ വെള്ളം നിറയ്ക്കൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിൻ സ്ഥിര സർവീസായി ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.