ഹയർ സെക്കൻഡറി പരീക്ഷാഫലം; രാജാസിന് വീണ്ടും അഭിമാന നേട്ടം

Wednesday 27 May 2026 12:39 AM IST

കോട്ടക്കൽ: ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 824 കുട്ടികളിൽ 90ശതമാനത്തിനു മുകളിൽ മാർക്കുകൾ നേടി 151 പേർ ഈ വിജയത്തിന് മാറ്റുകൂട്ടി. 1200ൽ 1,​198 മാർക്കുകൾ നേടിയ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി കെ.ശ്രീനന്ദ, 1195 മാർക്കുകൾ നേടിയ സയൻസ് വിദ്യാർഥിനി ഷംന.എം, 1191 മാർക്കുകൾ നേടിയ കൊമേഴ്സ് വിദ്യാർത്ഥി ഫാത്തിമ സഹല കെ.ടി എന്നിവർ സ്‌കൂൾ ടോപ്പർമാരായി. 78 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 51 വിദ്യാർഥികൾക്ക് അഞ്ചുവിഷയങ്ങളിൽ എ പ്ലസ് നേടാനായി. കോട്ടക്കൽ മുനിസിപ്പാലിറ്റി, പിടിഎ, അധ്യാപകർ, അക്കാദമിക് കൗൺസിൽ ചേർന്ന് വിജയികളെ അഭിനന്ദിച്ചു. കോട്ടക്കൽ നഗരസഭ ഉപാധ്യക്ഷ പാറോളി റംല,​വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ദീൻ സുലൈമാൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.​ പി.ടി.എ പ്രസിഡണ്ട് വിജയകുമാരൻ, പ്രീസിപ്പൽ സലീല ടീച്ചർ, എസ്.എം.സി സുജാത,​ സ്റ്റാഫ് സെക്രട്ടറി സാബിറ എം, അദ്ധ്യാപകരായ മജീദ് കെപി, മൻസൂർ സിപി, സതീദേവി, ജെസിയ ഹിന്ദ്, ഹസീന, ഷാഹുൽ ഹമീദ്, സൈഫുള്ള, വിദ്യ, നസീമ ടീച്ചർ എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.