മത്സ്യം കിട്ടാക്കനി; ചെലവ് കുതിക്കുന്നു നിലയില്ലാക്കയത്തിൽ മത്സ്യബന്ധന മേഖല

Thursday 28 May 2026 12:33 AM IST

പൊന്നാനി: ട്രോളിംഗ് നിരോധനം ജൂൺ 9ന് അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു. മത്സ്യലഭ്യത കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ ബോട്ടുകൾ പലതും പൊളിച്ചു വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണെന്ന് പൊന്നാനിയിലെ ബോട്ടുടമകൾ പറയുന്നു. തൊഴിലാളികളിൽ നല്ലൊരുപങ്കും ഇതര സംസ്ഥാനക്കാരാണ്. ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയതും ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ മത്സ്യബന്ധന മേഖല നിശ്ചലമാകാനിടയാക്കി. ട്രോളിംഗ് കാലയളവ് മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. 47 ദിവസമായിരുന്ന ട്രോളിംഗ് കാലയളവ് ഇപ്പോൾ 52 ദിവസമാണ്. പല ബോട്ടുകളും കടുത്ത നഷ്ടം സഹിച്ചാണ് മേഖലയിൽ തുടരുന്നത്.

ഡീസൽ വിലവർദ്ധനവ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകൾക്ക് മൂന്നുദിവസത്തോളം കടലിൽ കഴിയാൻ 600 ലിറ്റർ വരെ ഡീസൽ വേണ്ടിവരും. ഒരാഴ്ച കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് രണ്ടായിരം ലിറ്റർ ഡീസൽ ആവശ്യമാണ്. എട്ട് തൊഴിലാളികൾ ചെറുബോട്ടിലും പന്ത്രണ്ട് മുതൽ പതിനാല് വരെ ജീവനക്കാർ വലിയ ബോട്ടുകളിലുമുണ്ടാവും. ഇവർ കടലിൽ കഴിയുന്ന ഒരുദിവസത്തിന് ഒരാൾക്ക് അഞ്ഞൂറ് രൂപ ബത്തയായി നൽകണം. മീൻ സൂക്ഷിക്കാനുള്ള ഐസ്,​ പലചരക്കു സാധനങ്ങൾ എന്നീ വകയിലും ചിലവ് വരും. ഇതെല്ലാം കഴിഞ്ഞു കൂലിയും കൊടുത്തു വേണം അറ്റകുറ്റപ്പണികൾക്കടക്കം ബോട്ട് ഉടമകൾക്ക് ചിലവ് വകയിരുത്താൻ. ചിലവ് കഴിഞ്ഞു ലാഭം കിട്ടുന്ന അവസ്ഥ പല ബോട്ട് ഉടമകൾക്കുമില്ലെന്ന് മാത്രമല്ല പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

നിരന്തരം ഫൈനിട്ട് അധികൃതർ

  • പലപ്പോഴും തീരനിയമം തെറ്റിച്ചു കപ്പലുകൾ വരുന്നതും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും പല അപകടങ്ങൾ സംഭവിക്കുന്നതുമെല്ലാം മത്സ്യബന്ധന മേഖലയിലേക്ക് പുതുതായി തൊഴിലാളികൾ വരുന്നതിന് വിമുഖത കാണിക്കുന്നുണ്ട്.
  • പതിനഞ്ച് വർഷം കഴിഞ്ഞ ബോട്ടുകൾക്ക് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
  • ഫിഷറീസ് വകുപ്പ് പല ബോട്ടുകൾക്കും നിസാരകാര്യങ്ങൾക്ക് വരെ കടുത്ത ഫൈൻ ഇടുന്നുണ്ടെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

ലാഭം വേണ്ട,​ മുതലെങ്കിലും

600 ലിറ്റർ ഡീസൽ വേണം ചെറുബോട്ടുകൾ മൂന്നുദിവസത്തോളം കടലിൽ കഴിയാൻ

2000 ലിറ്റർ ഡീസൽ വേണം ഒരാഴ്ച കടലിൽ കഴിയാൻ

500 രൂപയാണ് മത്സ്യതൊഴിലാളികളുടെ ദിനബത്ത

ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലാണ്. നേരത്തെ നാല് ബോട്ടുകൾ സ്വന്തമായി ഉണ്ടായിരുന്നെങ്കിലും ഇന്ന് ഒരുബോട്ടായി ചുരുങ്ങി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിലവിൽ അതും വിൽക്കേണ്ട അവസ്ഥയിലാണ്.

സക്കീർ അഴീക്കൽ,​ ബോട്ട് ഉടമ,​ പൊന്നാനി