വേതനമില്ലാതെ നാല് വർഷം; നിലനിൽപ്പ് ഭീഷണിയിൽ ബദൽ സ്‌കൂളുകൾ
കാളികാവ്: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിലും പ്രതീക്ഷ കൈവിടാതെ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കുകയാണ് സംസ്ഥാനത്തെ അവശേഷിക്കുന്ന ബദൽ സ്‌കൂളുകൾ. നാല് വർഷമായി യാതൊരു വിധ വേതനവുമില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്തതത്. സംസ്ഥാന സർക്കാർ 2022-23 അദ്ധ്യയന വർഷത്തോടെ ബദൽ സ്‌കൂളുകളുടെ പ്രവർത്തനം പൂർണമായി നിർത്തലാക്കാൻ തീരുമാനിച്ചെങ്കിലും, രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനകളുടെയും ശക്തമായ നിയമപോരാട്ടത്തെ തുടർന്നാണ് ഏതാനും വിദ്യാലയങ്ങൾ ഇന്ന് നിലനിൽക്കുന്നത്.
പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദുർഘടമായ മലയോര മേഖലകളിലും ആദിവാസി ഊരുകളിലും ലക്ഷ്യമിട്ട് 1999ൽ ഡി.പി.ഇ.പി പദ്ധതി പ്രകാരമാണ് സംസ്ഥാനത്ത് ഏകാധ്യാപക വിദ്യാലയങ്ങൾ ( എം.ജി.എൽ.സി മൾട്ടി ഗ്രേഡ് ലേണിങ് സെന്റർ ) ആരംഭിച്ചത്. സംസ്ഥാനത്ത് 270 ബദൽ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നു.
യാത്രാസൗകര്യങ്ങൾ വികസിച്ചുവെന്ന വിലയിരുത്തലിന്റെയും, വിദഗ്ദ്ധ സമിതിയുടെ സർവേ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സ്‌കൂളുകൾ സർക്കാർ നിർത്തലാക്കി. സർക്കാർ നിർദേശപ്രകാരം ബദൽ സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ചിരുന്ന 344 വിദ്യാ വോളന്റിയർമാരെ (അദ്ധ്യാപകരെ) വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചു കൊണ്ടാണ് വിദ്യാലയങ്ങളുടെ ഔദ്യോഗിക പ്രവർത്തനം നിർത്തലാക്കിയത്. സ്‌കൂളുകൾ റദ്ദാക്കിയ നടപടിക്കെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
യാതൊരു ആനുകൂല്യങ്ങളുമില്ല
നിലവിൽ ഹൈക്കോടതിയുടെ ഉത്തരവിന്റെ പിൻബലത്തിൽ മലപ്പുറം ജില്ലയിലെ മാത്രം ആറ് സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുമതി നേടി. അരിമണൽ, അരിമംഗലം, തരിക്കുളം, കാളംതുരത്തി, മേൽമുറി, എന്നിവയാണ് പിന്മാറാതെ ഉറച്ചുനിന്ന വിദ്യാലയങ്ങൾ.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി.ശിവൻകുട്ടി സ്‌കൂളുകൾക്കുള്ള സഹായം പുനഃസ്ഥാപിക്കാൻ നിർദേശിച്ചു. 2022 ഒക്ടോബർ മുതൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ അരി മാത്രമാണ് സർക്കാർ തലത്തിൽ വിതരണം ചെയ്തത് .അധ്യാപക നിയമനം നടത്താൻ അധികൃതർ തയ്യാറായില്ല. കാസർകോഡ് എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിലും ആദിവാസി മേഖലകളിലും പ്രവർത്തിക്കുന്ന ചുരുക്കം ചില സ്‌കൂളുകൾക്ക് മാത്രമാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ബാക്കിയുള്ള വിദ്യാലയങ്ങളിൽ അധ്യാപകരുടെ വേതനം കണ്ടെത്തുന്നത് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ്. ആദിവാസി, പിന്നാക്ക മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ബദൽ സ്‌കൂളുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്‌കൂളുകളും പൂട്ടിയിട്ടുള്ളതിനാൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ വെറുതെ കിടക്കുകയാണ്.