കാലിത്തീറ്റ വിലവർദ്ധനയിൽ ക്ഷീണിച്ച് ക്ഷീരമേഖല
പാലക്കാട്: പച്ച പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റവില കൂടി വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ക്ഷീരകർഷകർ. കാലിത്തീറ്റയ്ക്ക് ഒരുമാസത്തിനിടെ 80 രൂപയാണ് കൂടിയത്. വിവിധ ബ്രാൻഡുകളുടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1,300 മുതൽ 1,500-ന് മുകളിലാണ് വില. കേരള ഫീഡ്സിന്റെ എലൈറ്റ് കാലിത്തീറ്റയ്ക്ക് 1,455-നും മിടുക്കിക്ക് 1,285നും ഇടയിലാണ് വില. കാലിത്തീറ്റയ്ക്ക് ആവശ്യമായ ചോളം, സോയാബീൻ, പരുത്തിപ്പിണ്ണാക്ക്, ഗോതമ്പുതവിട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കേരളത്തിൽ ഉൽപ്പാദനം കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ഗതാഗതച്ചെലവ് വർദ്ധിക്കാനും കാരണമാകുന്നു. ഇന്ധനവില വർദ്ധനയും അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡും തിരിച്ചടിയായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ 332 ക്ഷീരസംഘങ്ങൾ വഴി പ്രതിദിനം ഏകദേശം മൂന്നര ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. ക്ഷീര പരിപാലന ചെലവിന്റെ 60-70 ശതമാനവും തീറ്റയ്ക്കാണ്. ഒരു ലിറ്റർ പാലുൽപ്പാദനത്തിന് 400 ഗ്രാം കാലിത്തീറ്റ എന്നാണ് കണക്ക്. വില കൂടിയതോടെ ഒരു പശുവിനെ വളർത്താൻ ശരാശരി 350 രൂപയോളം ദിവസച്ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു.
ലിറ്ററിന് 50 രൂപയെങ്കിലും ലഭിക്കണമെന്ന് കർഷകർ
കടുത്ത വേനലിൽ തീറ്റപുല്ല് കിട്ടാതായതാണ് ക്ഷീരകർഷകരെ വലിയ ബുദ്ധിമുട്ടിലാക്കിയത്. പച്ചപ്പുല്ലിന് പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വച്ചാൽ അതിനും വലിയ വിലകൊടുക്കണം. ഒരു ലീറ്റർ പാലിന് കർഷകന് ലഭിക്കുന്നത് പരമാവധി 34 രൂപ. പാലിലെ കൊഴുപ്പിന്റെ അളവനുസരിച്ച് വില കുറയും. കർഷകർ കാലികളെ പോറ്റുന്നത് വില കൊടുത്ത് വൈക്കോലും ചോളവും വാങ്ങിയാണ്. ജില്ലയ്ക്ക് പുറമേ തമിഴ്നാട്ടിൽ തൃശൂരിൽ നിന്നുമാണ് സംസ്ഥാന വ്യാപകമായി വൈക്കോൽ കൊണ്ടപോകുന്നത്. 25 കിലോയുടെ ഒരു കെട്ട് വൈക്കോലിന് 175 രൂപ നൽകണം. ലിറ്ററിന് 50 രൂപയെങ്കിലും കിട്ടിയാലേ നിലവിലെ സാഹചര്യത്തിൽ പിടിച്ച് നിൽക്കാനാകുകയുള്ളൂവെന്നും കർഷകർ അഭിപ്രായപ്പെടുന്നു.
ആശ്വാസമായി മിൽമ സബ്സിഡി
2019ൽ ഉണ്ടായിരുന്നതിനേക്കാൾ വിലക്കുറവിലാണ് മിൽമ കാലിത്തീറ്റ വിൽക്കുന്നത്. മിൽമയുടെ ഗോമതി ഗോൾഡ് ചാക്കൊന്നിന് 300 രൂപവരെ സബ്സിഡിയുണ്ട്. വിപണിയിൽ 1,550 രൂപ വിലയുള്ള കാലിത്തീറ്റ 1,250 രൂപയ്ക്ക് ലഭിക്കും.