പെരുമുടിയൂർ റെയിൽവേ അണ്ടർപാസ് നിർമ്മാണം അവസാനഘട്ടത്തിൽ
പട്ടാമ്പി: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം, റെയിൽവേ നിർമ്മിക്കുന്ന അണ്ടർപാസിന്റെ ജോലികൾ അവസാന ഘട്ടത്തിലെത്തി. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര വളരെ ക്ലേശകരമായിരുന്നു. അഞ്ച് മുതൽ പ്ലസ് ടു വരെ കുട്ടികൾ പഠിക്കുന്ന ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലേയും തൊട്ടടത്ത് സ്ഥിതിചെയ്യുന്ന ശ്രീ നീലകണ്ഠ ശർമ്മ ലോവർ പ്രൈമറി സ്കൂളിലേയും കുട്ടികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് സ്കൂളിലെത്തേണ്ട സ്ഥിതിയായിരുന്നു. എൽ.പി സ്കൂളിലെ മൂന്ന് വയസു മുതലുള്ള പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പടെയുള്ളവർ സ്കൂളിലെത്താൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കണമെന്നത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉള്ളിലെ വലിയ ആശങ്കയായിരുന്നു. ആ ഭയത്തിനാണ് റെയിൽവേ ട്രാക്കിന് കീഴിലെ അണ്ടർപാസ് യാഥാർത്ഥ്യമാകുന്നതിലൂടെ വിരാമമാകുന്നത്.
സ്കൂളിലേക്കുള്ള ഈ വഴിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്കൂളും പി.ടി.എയും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് അണ്ടർ പാസ് യാഥാർത്ഥ്യമാക്കാൻ പ്രവർത്തനമാരംഭിച്ചത്. റെയിൽവേയും ഈ ആവശ്യത്തോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് 95.36 ലക്ഷം രൂപ ചെലവിൽ അണ്ടർപാസ് അനുവദിക്കപ്പെട്ടത്.
പുതിയ അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി പദ്ധതി പൂർത്തിയാകുമെന്ന് പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നാരായണൻ കുട്ടി, എച്ച്.എം ഇൻ ചാർജ് ടി.കെ. നിഷാദ്, പി.ടി.എ പ്രസിഡന്റ് എം. മൊയ്തീൻ കുട്ടി, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, എച്ച്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ടി. സൈനുദ്ദീൻ എന്നിവർ അറിയിച്ചു.