ജനങ്ങളെ ദുരിതത്തിലാക്കി ദേശീയപാത നിർമ്മാണം
വാളയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ പാലക്കാട്-വാളയാർ ദേശീയപാതയിൽ ഗതാഗതം ദുഷ്‌കരമായി. വാളയാർ മുതൽ പുതുശ്ശേരി വരെ പലയിടത്തും സർവീസ് റോഡുകൾ പൂർണമായി അടച്ച നിലയിലാണ്. ചിലയിടങ്ങളിൽ ദേശീയപാത ഭാഗികമായി അടച്ചിട്ടുണ്ട്. കൃത്യമായ ബദൽ സംവിധാനം ഒരുക്കാതെയാണ് ഗതാഗതം തടസപ്പെടുത്തുന്നത്. റോഡരികിലെ നികത്താതെ കിടക്കുന്ന ചാലുകളിൽ വീഴുമോ എന്ന ഭീതിയിൽ കഴിയുന്ന നാട്ടുകാർ, വഴിയില്ലാത്തത് മൂലം കച്ചവടം നഷ്ടപ്പെട്ട് ചെറുകിട വ്യാപാരികൾ, സ്റ്റാന്റുകളിൽ നിന്ന് വണ്ടികൾ മാറ്റേണ്ടി വന്ന ഓട്ടോ റിക്ഷക്കാർ ഇങ്ങിനെ നീളുന്നു ദുരിത ബാധിതരുടെ പട്ടിക. ആദ്യം വാളയാർ-കഞ്ചിക്കോട് റോഡിലെ സർവ്വീസ് റോഡ് പൊളിച്ചശേഷം ഇതിനരികിൽ ചാൽ നിർമ്മാണം തുടങ്ങി. ഇതോടെ ഇതു വഴിയുള്ള ഗതാഗതം മുടങ്ങി. ഇവിടെ പണി ഭാഗികമായി നിൽക്കുമ്പോൾ തന്നെ വൈസ് പാർക്ക് മുതൽ പഞ്ചായത്ത് വഴിയിടം വിശ്രമകേന്ദ്രം വരെയുള്ള സർവ്വീസ് റോഡും പൊളിച്ചു. ഇവിടെയും ചാൽ നിർമ്മാണം തുടങ്ങി. തുടർന്ന് ഇടതു വശത്തെ സർവീസ് റോഡുകളും വെട്ടി പൊളിച്ച് തുടങ്ങി. ഇതു വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. സർവ്വീസ് റോഡരികിലെ വീടുകളിലേക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്കും വഴിയില്ലാതായി. ജനങ്ങൾ പരാതി പറഞ്ഞപ്പോൾ മണ്ണിട്ട് നികത്തി കാൽനട യാത്രയ്ക്കുള്ള വഴിയുണ്ടാക്കി കൊടുത്തു.
ഗതാഗതം താറുമാറായി
മാസം രണ്ട് പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയും എത്തിയിട്ടില്ല. റോഡരികിലെ ആഴമുള്ള ചാലുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ കൂടി ഹൈവേയിലൂടെ വരാൻ തുടങ്ങി. നിർമ്മാണം തുടങ്ങിയ ഭാഗങ്ങളിലെല്ലാം പണി പകുതിക്ക് നിൽക്കുമ്പോൾ പഞ്ചായത്ത് ജംഗ്ഷനിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഗതാഗത സ്തംഭനം ഉണ്ടായതിനെ തുടർന്ന് ഹൈവേയിൽ നിന്ന് സത്രപ്പടിയിലേക്ക് പോകുന്ന കവാടം തുറന്ന് കൊടുത്തു. പക്ഷെ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിന്നും ദേശീയ പാതയിലേക്കുള്ള വഴി പൂർണ്ണമായി അടച്ചു. ഈ ഭാഗത്തെ ഹൈവേയും അടച്ചു. റോഡ് നിർമ്മാണത്തിനായുള്ള ഗതാഗതക്രമീകരണം ഇവിടുത്തെ ഗതാഗത സംവിധാനത്തെ ആകെ അലങ്കോലമാക്കിയിരിക്കുകയാണ്. പുതുശ്ശേരി കസബ സ്റ്റേഷന് മുൻ വശത്തുകൂടെയുള്ള സർവീസ് റോഡും അടച്ചിട്ടുണ്ട്.