സെൻസസ് 2027: സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Saturday 23 May 2026 11:37 PM IST

പത്തനംതിട്ട: സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യം ജൂൺ മുതൽ ലഭ്യമാകും. 2026 ജൂൺ 16 മുതൽ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഏകദേശം 15, 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

https://se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാർക്കർ' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് ഇന്യൂമറേഷൻ ഐഡി (എസ്.ഇ.ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ മതിയാകും. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെയും മറ്റ് സംഘടനകളിലെയും ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്വയം വിവരം നൽകി ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ വ്യക്തതയ്ക്കായി പോർട്ടലിൽ യൂസർ ഗൈഡും ലഭ്യമാണ്.