പടിയിറങ്ങുന്നത് ചടുല തീരുമാനങ്ങളുടെ കളക്ടർ 

Monday 25 May 2026 11:36 PM IST

പത്തനംതിട്ട : രണ്ടു വർഷത്തിലേറെയായി പത്തനംതിട്ട ജില്ലയുടെ സാരഥിയായിരുന്ന എസ് പ്രേംകൃഷ്ണൻ ഇനി ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടർ.2024 മാർച്ചിൽ ജില്ല കളക്ടറായി എത്തിയതിനു പിന്നാലെയായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പ്. ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ കൃത്യവും സൂക്ഷ്മതയേറിയതുമായിരുന്നു പ്രവർത്തനം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പും പരാതിരഹിതമായി പൂർത്തിയാക്കി. അതിതീവ്ര വോട്ടർ പട്ടിക പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കി. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖ വ്യക്തികളുടെ ജില്ല സന്ദർശനവും ഏകോപിപ്പിച്ചു. സുഗമമായും സുരക്ഷിതമായും ശബരിമല തീർത്ഥാടനം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കി.

നഗരത്തിന്റെ രാത്രികാലത്തെ സജീവമാക്കാൻ 700 ഓളം പേരെ പങ്കെടുപ്പിച്ച് ജില്ല ഭരണകൂടം സംഘടിപ്പിച്ച മിഡ്‌ നൈറ്റ്‌ മാരത്തോൺ വേറിട്ട അനുഭവമായി. കളക്ടറുടെ മേൽനോട്ടത്തിൽ കാതോലിക്കേറ്റ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കരവിരുതിൽ തെളിഞ്ഞ കളക്ടറേറ്റ് മതിലിലെ പടയണി കോലത്തിന്റെ ചുവർ ചിത്രം കലാസൃഷ്ടിയുടെ മകുടോദാഹരണമാണ്. പൊതു ഇടങ്ങൾ മനോഹരവും വൃത്തിയുള്ളതുമാക്കുകയായിരുന്നു ചുവർ ചിത്രത്തിന്റെ ലക്ഷ്യം .

അമിത ഫോൺ ഉപയോഗത്തിനും ലഹരിക്കുമെതിരെ കുട്ടികൾക്കൊപ്പം പാടത്ത് ക്രിക്കറ്റ് കളിച്ച് അവരിൽ ഒരാളായി കളക്ടർ. വ്യത്യസ്ത വിഷയങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിച്ച കളക്ടർ സ്പീക്സ് വീഡിയോ പരമ്പര ശ്രദ്ധ നേടി.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് ഡയറക്ട‌റായിരിക്കെയാണ് എസ് പ്രേം കൃഷ്‌ണൻ പത്തനംതിട്ടയുടെ 38-ാ മത് ജില്ല കളക്ടറായി ചുമതലയേറ്റത്. 2017 ബാച്ച് ഐഎഎസ് ഓഫീസറാണ്. തൃശൂർ അസിസ്റ്റന്റ് കളക്ട‌റായാണ് തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണൻ സിവിൽ സർവീസിലെത്തുന്നത്. ഭാര്യ അഞ്ജു ശിവദാസ്. മകൾ വൈഗ കൃഷ്ണ.