തണ്ണിത്തോടിന്റെ സ്വന്തം സ്വാതി കണ്ണൂരിന്റെ അസിസ്റ്റന്റ് കളക്ടർ
കോന്നി: തണ്ണിത്തോട് മേടപ്പാറ നൂറനാട് (തറയിൽ പടിഞ്ഞാറ്റതിൽ) ശശി - സിന്ധു ദമ്പതികളുടെ മകൾ സ്വാതി കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റപ്പോൾ മലയോരനാടും അഭിമാനത്തിലാണ്. ഏഴാംക്ലാസ് വരെ തണ്ണിത്തോട് സെന്റ് ആന്റണിസിലും 8 മുതൽ 12 വരെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലുമായിരുന്നു സ്വാതിയുടെ സ്കൂൾ ജീവിതം. കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയതിന് ശേഷമായിരുന്നു സിവിൽ സർവീസ് പഠനം. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ സ്കൂൾ ടോപ്പർ ആയിരുന്നു സ്വാതി. സ്കൂൾ ടോപ്പറായപ്പോൾ ബുട്ട വിമല ആദിത്യ എന്ന ഐ.പി.എസ് ഓഫീസറിൽ നിന്നാണ് സമ്മാനം വാങ്ങിയത്. അവരുടെ പ്രസംഗം സിവിൽ സർവീസ് സ്വപ്നങ്ങൾ പകർന്നുനൽകിയതായി സ്വാതി പറഞ്ഞു. എൻജിനിയറിംഗിന് പഠിക്കുമ്പോൾ പ്രേംനാഥ് എന്ന അദ്ധ്യാപകനും പ്രേരണയായി. 2024ൽ ആദ്യശ്രമത്തിൽ ഐ.ആർ.എസ് ലഭിച്ചെങ്കിലും സിവിൽ സർവീസ് മോഹം പൂവണിഞ്ഞത് 2025ൽ ആണ്. തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം.
സ്വാതിയുടെ പഠനവും മലയോര മേഖലയിൽ നിന്ന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം കുടുംബം കോന്നി ചേരിമുക്കിലേക്ക് താമസം മാറിയിരുന്നു. ഇപ്പോൾ അവിടെയാണ് താമസം. പിതാവ് ശശി കർഷകനാണ്. ഏക സഹോദരൻ അനന്തകൃഷ്ണൻ മർച്ചന്റെ നേവിയിൽ യു.എസിൽ എൻജിനീയറാണ്. എസ്.എൻ.ഡി.പി യോഗം വെള്ളപ്പാറ ശാഖ അംഗങ്ങളാണ് കുടുംബം.
വായനയിലൂടെ വളർന്നു
തണ്ണിത്തോട് പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കുന്ന ശീലം സ്വാതിക്ക് ചെറുപ്പത്തിലെ ഉണ്ടായിരുന്നു. ലൈബ്രേറിയൻ രാധാകൃഷ്ണന്റെ സഹായവും ഗുണമായി. തിരുവനന്തപുരത്തെ കടലുകൾ സ്വാതിയെ ഏറെ ആകർഷിച്ചിരുന്നു. വൈകിട്ട് ശങ്കുമുഖം ബീച്ചിൽ പതിവായി പോയിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു.
സിവിൽ സർവീസ് വലിയ സ്വപ്നമായിരുന്നു. രണ്ടാംതവണയും
കിട്ടിയിരുന്നില്ലെങ്കിൽ വീണ്ടും വീണ്ടും ശ്രമിക്കുമായിരുന്നു.
സ്വാതി.എസ്
സ്കൂളിലെ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു സ്വാതി.
സിന്ധു പവിത്രൻ (പ്രിൻസിപ്പൽ ശ്രീനാരായണ പബ്ലിക് സ്കൂൾ, കോന്നി