പെരുമ്പാമ്പ് വലയിൽ കുടുങ്ങി
Wednesday 27 May 2026 2:37 AM IST
തിരുവല്ല : മീൻ വിഴുങ്ങാൻ എത്തിയ പെരുമ്പാമ്പ് വലയിൽ കുടുങ്ങി. വലയിൽ അകപ്പെട്ട ഭീമൻ പെരുമ്പാമ്പിനെ പാമ്പുപിടിത്ത വിദഗ്ദ്ധൻ പിടികൂടി. തിരുവല്ല നിരണം സെൻട്രൽ ചെമ്പിൽ വീട്ടിൽ എസ്.അനിൽകുമാറിന്റെ വീടിന്റെ പിന്നിലെ കുളത്തിന്റെ സംരക്ഷണവേലിയായി ഉപയോഗിച്ചിരുന്ന വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മീൻ വളർത്തുന്ന കുളത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വലയിലാണ് 10 അടിയോളം നീളമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്. വീട്ടുകാരും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹരിപ്പാട്ട് നിന്നും പാമ്പുപിടിത്ത വിദഗ്ദ്ധനായ ചാർലി വർഗീസ് എത്തി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് ചാർലി പറഞ്ഞു.