പെരുമ്പ്രാൽ ചെറുമുട്ടാടത്ത് റോഡ് അപകടത്തിൽ വിണ്ടുകീറി തോട്ടിലേക്ക്

Sunday 31 May 2026 2:03 AM IST
വിണ്ടുകീറിയ പെരുമ്പ്രാൽ ചെറുമുട്ടാടത്ത് റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ

തിരുവല്ല : പെരിങ്ങര തോടിന്റെ കരയിലുള്ള പെരുമ്പ്രാൽ ചെറുമുട്ടാടത്ത് റോഡ് തകർന്നു. റോഡിന്റെ ഒരുഭാഗം വിണ്ടുകീറി ഏത് നിമിഷവും തോട്ടിലേക്ക് പതിക്കാമെന്ന നിലയിലായി. മുന്നൂറിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്തെ ഏക പാതയിലാണ് തകർച്ച ഉണ്ടായിരിക്കുന്നത്. മഴക്കാലമായതോടെ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുസഹമാകും. പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് നാലര കിലോമീറ്റർ പടിഞ്ഞാറ് കണ്ണാട്ടുകുഴി വരെ നീണ്ടുകിടക്കുന്ന റോഡിന്റെ പ്രധാന ഭാഗമാണിത്. ആംബുലൻസ്, കാർ, ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾക്ക് പോകാവുന്ന റോഡിന്റെ മദ്ധ്യത്തിലൂടെയാണ് അമ്പത് മീറ്ററോളം ഭാഗം വിണ്ടുകീറിയത്. പ്രശ്നത്തിൽ അടിയന്തര പരിഹാരമില്ലെങ്കിൽ കാലവർഷത്തിൽ വഴിയില്ലാതാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ജനങ്ങൾ അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മെമ്പർ രാജേഷ് ചാത്തങ്കരി, പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശി, അംഗം അരുൺ എം.കുമാർ, എന്നിവർ സ്ഥലത്തെത്തി.

റോഡിന് സംരക്ഷണഭിത്തിയില്ല

റോഡിന് സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് റോഡിന് വിള്ളലുണ്ടായി തകർച്ചയിലായത്. തോടിന്റെ അടിത്തട്ടിൽ ഉറപ്പില്ലാത്ത ചെളിമണ്ണ് കിടക്കുന്നതിനാൽ കൽക്കെട്ട് നിർമ്മിക്കാതെ റോഡിന് ഉറപ്പുണ്ടാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുമ്പ്രാൽ പാലത്തിന് സമീപവും ചെറുമുട്ടാടത്ത് പാലത്തിന് സമീപത്തും മാത്രമാണ് സംരക്ഷണഭിത്തിയുള്ളത്. ഈ ഭാഗം ഒഴിച്ചാൽ മറ്റിടങ്ങളിൽ റോഡിന് ബലക്ഷയമുണ്ടായി അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

.............................................

കാലവർഷത്തിൽ വഴിഇല്ലാതാകും

...............................................

ചെറുമുട്ടാടത്ത് റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കണം. അരുൺ എം.കുമാർ (പെരിങ്ങര പഞ്ചായത്തംഗം)

................................................

സ്‌കൂൾ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളടക്കം ഇതുവഴിയാണ് പോകുന്നത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ റോഡിന്റെ സംരക്ഷണത്തിന് അധികൃതർ ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കണം. ഷാജി പഴയമ്പള്ളി (പ്രദേശവാസി)

.............................................

50 മീറ്റ‌ർ തകർന്നു