ഇന്ന് തെളി​യും അക്ഷര വെളിച്ചം

Monday 01 June 2026 12:01 AM IST

പത്തനംതിട്ട : പുതിയ അദ്ധ്യയനവർഷത്തിന് തുടക്കം കുറിച്ച് വിദ്യാലയങ്ങളിൽ ഇന്ന് പ്രവേശനോത്സവം. രണ്ടുമാസത്തെ അവധിക്കുശേഷം പാഠങ്ങളി​ലേക്ക് മടങ്ങുന്നവരെയും നവാഗതരെയും വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി.

റഫീഖ് അഹമ്മദ് രചിച്ച് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകി ആലപിച്ച, പാലൊളി വിതറുന്നേ, തിളങ്ങും പാൽച്ചിരി വിരിയുന്നേ, ഇനിയോരോ പൂവും പുഞ്ചിരി തൂകും നേരമായി മണ്ണിൽ..... എന്നു തുടങ്ങുന്ന പ്രവേശനോത്സവ ഗാനത്തോടെയാണ് കുട്ടികളെ വരവേൽക്കുന്നത്. കളിചിരികളുമായി കുട്ടികളെ വിദ്യാലയ അന്തരീക്ഷവുമായി കൂടുതൽ അടുപ്പിക്കാനുതകുന്ന പരിപാടികൾ പ്രവേശനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് രക്ഷകർത്താക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള പരിപാടികൾ എല്ലായിടത്തും ക്രമീകരിച്ചിട്ടുണ്ട്.

തോരണങ്ങൾ ചാർത്തിയും മലയാള അക്ഷരങ്ങളെ കോർത്തിണക്കിയും ബലൂണുകൾ വിതറിയും വിദ്യാലയങ്ങൾ അലങ്കരിച്ചിരിക്കുകയാണ്. വ്യത്യസ്തതകളും വിസ്മയങ്ങളുമായ സ്വീകരണ പരിപാടികൾ പലയിടത്തും ക്രമീകരിച്ചിട്ടുണ്ട്.

ജില്ലാതല പ്രവേശനോത്സവം ആറന്മുള ഗവൺ​മെന്റ് വി എച്ച് എസ് എസിൽ അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും പ്രവേശനോത്സവം ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികൾ കുറയുന്നു

പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവ് ഇക്കുറിയും. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ 5000ൽ താഴെ കുട്ടികളാണ് പുതുതായി ചേർന്നത്. സംസ്ഥാനത്ത്

കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ള ജില്ലയാണ് പത്തനംതിട്ട. ഇത്തവണ എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ 10000ൽ താഴെ കുട്ടികളാണുണ്ടായിരുന്നത്. ഇതിന്റെ 50 ശതമാനം പോലും ഒന്നാംക്ലാസിലേക്ക് എത്താൻ സാദ്ധ്യതയില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. സർക്കാർ, എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളും കുട്ടികളുടെ എണ്ണം തികയ്ക്കാൻ പാടുപെടുകയാണ്. എൽ.പി സ്‌കൂളുകളിൽ പലയിടത്തും നാല് ക്ലാസുകളിലും കൂടി പത്തിൽ താഴെ കുട്ടികളാണുള്ളത്.

ആറാമത്തെ അദ്ധ്യയന ദിവസം മാത്രമേ കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുകയുള്ളൂ. അതുവരെ അഡ്മിഷൻ എടുക്കാം. ജില്ലയിൽ ജനനനിരക്കിലുണ്ടായ കുറവാണ് പൊതുവിദ്യാലയങ്ങളെ ബാധിച്ചിരിക്കുന്നത്. സമീപകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റുമുണ്ടായ കുടിയേറ്റവും കുട്ടികളുടെ കുറവിനു കാരണമായി.