ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും
Wednesday 03 June 2026 12:03 AM IST
തിരുവല്ല : തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രത്തിൽ ഇരുവരുടെയും പേരിൽ പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് നടത്തി. വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദർശനത്തിനെത്തിയ താരദമ്പതികളെ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ.മധു, ഹരികുട്ടൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര സന്ദർശനത്തിനിടെ നയൻതാരയെയും വിഘ്നേഷ് ശിവനെയും കാണാൻ നിരവധി ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.