എന്ന് തുടങ്ങുമെന്നറിയാതെ, രാമച്ചംവിളയിൽ ഓവർ ബ്രിഡ്ജ് നിർമ്മാണം
ആറ്റിങ്ങൽ: മാമത്ത് നിന്നാരംഭിക്കുന്ന ബൈപ്പാസ് റോഡിൽ രാമച്ചംവിളയിൽ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം. ഓവർ ബ്രിഡ്ജിന്റെ നിർമ്മാണത്തിനായി റോഡടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിടാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള സ്ഥലത്തിന് ഇരുവശങ്ങളിലും അണ്ടർപാസേജിന് വേണ്ടി 50 അടിയിലധികം താഴ്ചയിൽ മണ്ണെടുത്തെങ്കിലും മറ്റൊന്നും നടന്നില്ല. താത്കാലികമായി നിർമ്മിച്ച സർവീസ് റോഡിന്റെ ഒരുവശത്ത് കമ്പിവേലിയുണ്ട്. മഴസമയത്ത് സർവീസ് റോഡിൽ ചെറിയതോതിൽ മണ്ണിടിയും. ഭാരം കയറ്റിയ ലോറികളും ബസുകളും ഈ വഴി പോകുമ്പോൾ കുലുക്കമുണ്ടാകുന്നതായും ആഴത്തിൽ മണ്ണെടുത്ത് കൈവരികൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ നിർദ്ദിഷ്ഠ പാലത്തിന്റെ ഇരുവശങ്ങളിലും റോഡ് നിർമ്മാണം അവസാന ഘട്ടത്തിലുമാണ്.
'യു' റോഡ് അപകടക്കെണി
ആറ്റിങ്ങൽ നിന്ന് ശാർക്കര - ചിറയിൻകീഴ് റോഡിലേക്ക് കടക്കാൻ ആഴത്തിലുള്ള കുഴിക്ക് ഇരുവശവും സമാന്തരമായി രണ്ട് ചെറിയ റോഡാണ് ഒരുക്കിയിരിക്കുന്നത്. 380 മീറ്റർ നീളമുണ്ട് ഓരോ റോഡിനും. ഇവ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ കുഴിക്ക് കുറുകെ 'യു' ആകൃതിയിൽ രണ്ട് ചെറിയ റോഡുകളും ഉണ്ട്. വീതി തീരെ കുറഞ്ഞ ഈ റോഡിൽ അപകടങ്ങൾ പതിവാണ്.
തെരുവു വിളക്കുമില്ല
വീതികുറഞ്ഞ അപകടകരമായ ഈ റോഡിൽ തെരുവുവിളക്കുകൾ ഒന്നുമില്ല. വഴിയറിയാതെ എത്തുന്ന യാത്രക്കാർ ഈ കുഴിയിൽ വീഴാനും സാദ്ധ്യത ഏറെയാണ്. ഓവർബ്രിഡ്ജ് നിർമ്മിക്കുന്ന സ്ഥലത്തെ റോഡ് നിലനിറുത്തിയിരുന്നെങ്കിൽ ഈ മേഖലയിലെ യാത്രാദുരിതം ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.