ജോലിവാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: അച്ഛനും മകനും അറസ്റ്റിൽ

Wednesday 22 January 2025 1:03 AM IST

കാട്ടാക്കട: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റിൽ.കാട്ടാക്കട തൂങ്ങാപാറ മുഹമ്മദ് ജാസിം മൻസിൽ നാസർ(58),മകൻ മുഹമ്മദ് ജാസിം(28) എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.മഞ്ചംകുഴി സ്വദേശിയേയും കഞ്ചിയൂർക്കോണം ചെട്ടിക്കോണത്ത് താമസിക്കുന്ന ദമ്പതികളിളെയുമാണ് പറ്റിച്ചത്.

കാട്ടാക്കട കഞ്ചിയൂർക്കോണം ചെട്ടിക്കോണം വടക്കേപാലം പുത്തൻ വീട്ടിൽ രതീഷ് കുമാറിനും ഭാര്യ ദിവ്യാമോൾക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപയും വീരണകാവ് മഞ്ചംകുഴി മേക്കുകര വീട്ടിൽ ഗോപി മകൻ ബാബുരാജിന് മെഡിക്കൽ കോളേജിൽ പ്യൂണായി ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് 4.5 ലക്ഷം രൂപയും വാങ്ങി കബളിപ്പിക്കുകയായിരുന്നു.

തമ്പാനൂരിനടുത്തുള്ള നാസറിന്റെ പത്രം ഓഫീസിൽ വച്ചാണ് പ്രതികൾ പണം കൈപ്പറ്റിയത്.ഇരുസംഭവങ്ങൾക്കും കേസെടുത്ത കാട്ടാക്കട പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് തൂങ്ങാംപാറയുള്ള പ്രതികളുടെ വീട്ടിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ സമാന രീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.കാട്ടാക്കട ഡിവൈ.എസ്.പി വി.ഷിബു,കാട്ടാക്കട ഇൻസ്‌പെക്ടർ മൃദുൽ കുമാർ,സബ് ഇൻസ്പെക്ടർ മനോജ്,എ.എസ്.ഐ അജയൻ,സി.പി.ഒമാരായ മെർലിൻ, ബാദുഷാമോൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.