പേട്ട റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടർ തുറന്നില്ല; വലഞ്ഞ് യാത്രക്കാർ
തിരുവനന്തപുരം: ഇക്കഴിഞ്ഞ നവംബർ 1ന് തുറക്കുമെന്ന് പ്രഖ്യാപിച്ച പേട്ട റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ ഇനിയും തുറന്നില്ല.ട്രെയിനിറങ്ങുന്ന യാത്രക്കാർ അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകാൻ ഓട്ടോറിക്ഷ കിട്ടാതെ പെടാപ്പാട് പെടുകയാണ്.
മതിയായ വേതനമില്ലാത്തതിനാൽ പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറിലെ ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയതോടെയാണ് കൗണ്ടറുകൾ അനാഥമായത്.ജീവനക്കാർക്കുള്ള വേതനത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് വർദ്ധനവ് വരുത്തിയെങ്കിലും ഫലത്തിൽ യാതൊരു നടപടിയുമായിട്ടില്ല.
നഗരസഭയുടെയും ട്രാഫിക് പൊലീസിന്റെയും ചുമതലയിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്.കൗണ്ടർ പൂട്ടിയതോടെ യാത്രക്കാർ മാത്രമല്ല ഓട്ടോറിക്ഷക്കാരും ബുദ്ധിമുട്ടിലാണ്.
കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി,ബി.എം.എസ് എന്നീ ഓട്ടോത്തൊഴിലാളി യൂണിയനുകൾ സംയുക്തമായി ട്രാഫിക് അസി.കമ്മീഷണറെ കണ്ട് പരാതി ഉന്നയിച്ചിരുന്നു.
ദിവസം 400 രൂപ വേതനം
സ്റ്റേഷനിൽ ആദ്യ ട്രെയിൻ വരുന്ന പുലർച്ചെ 3.30 മുതലാണ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത്.അവസാന വണ്ടി വന്നുപോകുന്ന രാത്രി 10.30ന് ശേഷമേ കൗണ്ടറടയ്ക്കാൻ കഴിയൂ.രാവിലെ മുതൽ ഉച്ചവരെ ഒരാളും തുടർന്ന് മറ്റൊരാളും മാറിമാറിയാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ദിവസം 400 രൂപയായിരുന്നു വേതനം.തുച്ഛമായ വേതനമായതിനാലാണ് ജീവനക്കാർ ജോലി മതിയാക്കിയത്. ഒരു ഡ്യൂട്ടിക്ക് 100 രൂപ വീതം വർദ്ധിപ്പിച്ച് നൽകാമെന്ന് തീരുമാനിച്ചിരുന്നു.കൗണ്ടറിൽ ഈടാക്കുന്ന ഫീസ് 2 രൂപയിൽ നിന്നും 3 ആയി വർദ്ധിപ്പിച്ചായിരുന്നു ഇവർക്കുള്ള വേതനം വർദ്ധിപ്പിക്കാൻ ധാരണയായത്.എന്നാൽ തീരുമാനം കടലാസിലുറങ്ങുകയാണ്.
65 ഓട്ടോറിക്ഷകൾ
പേട്ട റെയിൽവേ സ്റ്റേഷനിലെ സ്റ്റാൻഡിൽ 65 ഓട്ടോറിക്ഷകളാണുള്ളത്.കൗണ്ടർ അടച്ചതോടെ അധിക കൂലി ഈടാക്കുമെന്ന ഭയത്താൽ ഭൂരിപക്ഷം യാത്രക്കാരും ഓട്ടം വിളിക്കാതായി.ഇതോടെ ഓട്ടോക്കാരുടെ വരുമാനവും നിലച്ചു.