ആറ്രുകാൽ പൊങ്കാല മഹോത്സവം: ദേവീ ദാസന്മാരാകാൻ 593 ബാലന്മാർ
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കുത്തിയോട്ട വ്രതമെടുക്കാൻ 593 ബാലന്മാരെത്തും.592 ബാലന്മാർ ഇതിനകം വ്രതരജിസ്റ്റർ ചെയ്തു. ഇതിനു പുറമെ പണ്ടാരയോട്ടം കൂടിയാകുമ്പോൾ എണ്ണം 593ആകും. കുത്തിയോട്ട ഉത്സവത്തിന്റെ മൂന്നാം നാളായ മാർച്ച് 7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതം ആരംഭിക്കും.കഴിഞ്ഞ വർഷം 606 പേരാണ് കുത്തിയോട്ടക്കാരായി എത്തിയത്. 10 മുതൽ 12വരെ പ്രായമുള്ള ആൺകുട്ടികളാണ് വ്രതമെടുക്കുന്നത്. കുത്തിയോട്ട വ്രതക്കാരുടെ രക്ഷാകർത്താക്കളുടെ യോഗം കാർത്തിക ഓഡിറ്റോറിയത്തിൽ ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്നു, യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി കെ.ശരത്കുമാർ,ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്,ട്രഷറർ എ.ഗീതകുമാരി,ജനറൽ കൺവീനർമാരായ രാജേന്ദ്രൻ നായർ,സുശീല കുമാരി തുടങ്ങിയവർ പങ്കെടുത്തു.മാർച്ച് 5ന് രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും.13ന് പൊങ്കാല.കുത്തിയോട്ടവ്രതക്കാർക്ക് ട്രസ്റ്റ് വൈദ്യസഹായമടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.