കേരള സർവകലാശാലയിൽ,100 കോടിയുടെ വികസനത്തിന് ഭരണാനുമതി

Tuesday 25 February 2025 3:21 AM IST

തിരുവനന്തപുരം: പി.എം - ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർവകലാശാലയിൽ 100കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകി. പദ്ധതിയിൽ 60 ശതമാനവും കേന്ദ്രം തരും.40 ശതമാനം സംസ്ഥാനവിഹിതമാണ്. കഴിഞ്ഞ ഡിസംബറിൽ കേന്ദ്രം 100 കോടിയുടെ പദ്ധതി അംഗീകരിച്ചതാണെങ്കിലും സംസ്ഥാനത്തിന്റെ ഭരണാനുമതി നീണ്ടുപോവുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് 'കേരളകൗമുദി' ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ ഇന്നലെ ഭരണാനുമതി നൽകി ഉത്തരവിറക്കുകയായിരുന്നു.

ഭരണാനുമതി സഹിതം കേന്ദ്രപോർട്ടലിൽ പദ്ധതിവിവരങ്ങൾ ഉടൻ അപ്‌ലോഡ് ചെയ്യും. 2026നകം പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ പണം പാഴാവും.അതിനാൽ ടെൻഡർ നടപടികളടക്കം വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശിച്ചു. പണം ചെലവഴിച്ചശേഷം വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയാലേ കേന്ദ്രം പണം അനുവദിക്കൂ. നിലവിൽ പി.എം-ഉഷ അക്കൗണ്ടിലുള്ള പണമുപയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും. അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയടക്കം അമ്പതിലേറെ ഇനങ്ങളിൽ ഈ പണമുപയോഗിക്കാം.

കാര്യവട്ടം ക്യാമ്പസിൽ 1.8ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടങ്ങൾ പണിയാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപത്തായി 250വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2ഹോസ്റ്റൽ സമുച്ചയങ്ങൾ നിർമ്മിക്കും. നാലു വർഷ ബിരുദ കോഴ്സുകൾക്ക് കാര്യവട്ടം ക്യാമ്പസിൽ വിവിധ വകുപ്പുകൾക്കായി ക്ലാസ് മുറികൾ നിർമ്മിക്കും. ലൈബ്രറി, ലാബ് സൗകര്യങ്ങളും നിർമ്മിക്കും. ഗവേഷണ കേന്ദ്രങ്ങളും ഗവേഷണത്തിന് കൂടുതൽ ആധുനിക ഉപകരണങ്ങളും വാങ്ങും. ലബോറട്ടി ഉപകരണങ്ങളും സോഫ്‌ട്‌വെയറുകളും വാങ്ങാനും, എല്ലാ വകുപ്പുകളിലും ശില്പശാലകളും അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്താനുമാണ് 25കോടി. നിർമ്മാണച്ചുമതല സെൻട്രൽ പി.ഡബ്യു.ഡിയെ ഏല്പിച്ചേക്കും.

പുതിയ നിർമ്മാണങ്ങൾ ഇങ്ങനെ

40കോടി ചെലവിൽ രണ്ട് ഹോസ്റ്റലുകൾ

മൂന്നരക്കോടിക്ക് റസിഡൻഷ്യൽ കോംപ്ലക്സ്

3കോടിക്ക് ഇന്നൊവേഷൻ, ഇൻകുബേഷൻ സെന്റർ

20കോടിക്ക് 35പുതിയ ക്ലാസ് മുറികളും ലാബുകളും

4കോടിക്ക് ട്രാൻസ്‌ലേഷൻ റിസർച്ച് സെന്ററിന് കെട്ടിടം

3000

വിദ്യാർത്ഥികൾ പഠിക്കുന്ന കാര്യവട്ടത്ത് താമസസൗകര്യമുള്ളത് 500 പേർക്ക് മാത്രം