അനധികൃതമായി തടികടത്താൻ ശ്രമിച്ച ലോറി പിടികൂടി

Friday 08 May 2026 1:12 AM IST

പാലോട്: പെരിങ്ങമ്മല ബ്രൈമൂർ എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ മുറിക്കാനുള്ള അനുമതി മറയാക്കി മറ്റു മരങ്ങളും വ്യാപകമായി മുറിക്കുന്നു. ഇക്കഴിഞ്ഞ ഒന്നാം തിയതി മേഖലയിൽ നിന്ന് 6മൂട് വട്ടമരം മുറിച്ചത് വനംവകുപ്പ് തടഞ്ഞിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അത് രഹസ്യമായി കയറ്റി പോകാൻ ശ്രമിച്ചത് വനം വകുപ്പ് അറിഞ്ഞ് തടിയും വാഹനവും കസ്റ്റഡിയിലെടുത്തു.

വനംവകുപ്പ് തഹസിൽദാരെ വിവരം അറിയിച്ചിട്ടുണ്ട്. റവന്യുവകുപ്പിന്റെ നിലപാടിനു ശേഷം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് റബർ മരങ്ങൾ മുറിക്കുന്നത്. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം ഇതിൽ പങ്കാളിയാണ്. പരിസ്ഥിതിലോല പ്രദേശത്ത് അശാസ്ത്രീയമായ റബർ മരങ്ങൾ മുറിക്കുന്നതുമൂലം മലമുകളിൽ നിന്ന് മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാദ്ധ്യത ഏറിയതായി പറയുന്നു.