അവയവക്കച്ചവടത്തിന് വ്യാജരേഖ: കാസർകോട് സ്വദേശിയുടെ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ്

Friday 08 May 2026 1:21 AM IST

കോലഞ്ചേരി​: അവയവക്കച്ചവടവുമായി​ ബന്ധപ്പെട്ട് കാസർകോട് സ്വദേശി നജീബിന്റെ എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി. നജീബ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പള്ളിക്കരയിൽ ഇയാളുടെ ഓഫീസ് ഉൾപ്പെടുന്ന സ്റ്റുഡിയോ, ഫോട്ടോകോപ്പി സ്ഥാപനം, വീട് എന്നിവിടങ്ങളി​ലായി​രുന്നു പരി​ശോധന.

ജില്ലയിലെ ചില ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കച്ചവടവുമായി​ ബന്ധപ്പെട്ട അന്വേഷണത്തി​ന്റെ ഭാഗമായിരുന്നു റെയ്ഡ്. പാവപ്പെട്ടവർക്ക് വലി​യ തുക വാഗ്ദാനം ചെയ്താണ് ഇടപാടുകൾ. ആവശ്യമായ രേഖകൾ സംഘം വ്യാജമായി​ നി​ർമ്മിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.

നജീബി​ന്റെ സ്ഥാപനങ്ങളി​ൽ നി​ന്ന് എം.പി.മാരുടെയും എം.എൽ.എ.മാരുടെയും ലെറ്റർ ഹെഡുകൾ, സീലുകൾ, വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൃത്രിമ രേഖകൾ എന്നിവ കണ്ടെടുത്തു. അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും മേൽവിലാസങ്ങൾ, ആശുപത്രിയിലെ ചികിത്സാ രേഖകൾ, വിവിധ ഡോക്ടർമാരുടെ സീലുകൾ, ലെറ്റർ പാഡുകൾ എന്നിവയും ഇവയി​ൽ ഉൾപ്പൊടുന്നു. ഇന്നലെ പുലർച്ചെ അഞ്ചി​ന് ആരംഭിച്ച റെയ്ഡ് രാത്രിയും തുടർന്നു.