പൊൻമുടിയിൽ ഉത്സവകാലം

Tuesday 12 May 2026 6:00 AM IST

വിതുര: ഒരിടവേളക്ക് ശേഷം വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ ടൂറിസ്റ്റുകളുടെ തിരക്കേറുന്നു. ഞായറാഴ്ച ആയിരങ്ങളാണ് മലകയറിയെത്തിയത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം അപ്പർസാനിറ്റോറിയവും, പരിസരവും വാഹനങ്ങളാൽ നിറഞ്ഞു. രണ്ട് മാസത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം സഞ്ചാരികൾ പൊൻമുടിയിലെത്തുന്നത്.

വനംവകുപ്പിന് പാസിനത്തിൽ ലക്ഷങ്ങളുടെ വരുമാനവും ലഭിക്കുന്നുണ്ട്. പൊൻമുടിയിൽ രണ്ട് മാസമായി നാമമമാത്രമായ സഞ്ചാരികളാണ് എത്തിയിരുന്നത്. കഠിനമായ ചൂടുമൂലം ഇവിടെയെത്തുന്ന സഞ്ചാരികൾ പെട്ടെന്ന് കളംവിടുകയായിരുന്നു. സഞ്ചാരികൾ കുടിവെള്ളത്തിനായും ബുദ്ധിമുട്ടിയിരുന്നു.

മഞ്ഞും മഴയും

പൊൻമുടിയിൽ നിലവിൽ സുഖശീതളമായ കാലാവസ്ഥയാണ്. മിക്ക ദിവസവും വേനൽമഴ പെയ്യുന്നുണ്ട്. മഞ്ഞ് വീഴ്ചയും വ്യാപിച്ചു. മഞ്ഞും മഴയും കുളിർകാറ്റും സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരുന്നുണ്ട്. സഞ്ചാരികൾക്ക് കൗതുകക്കാഴ്ച സമ്മാനിച്ച് പൊൻമുടി മേഖലയിലെ പൂമരങ്ങൾ മുഴുവൻ പൂത്തുലഞ്ഞ് നിൽക്കുകയാണ്.

ടൂറിസ്റ്റുകൾക്ക് കാട്ടുമൃഗങ്ങളേയും കാണാം. പൊൻമുടിക്ക് പുറമേ വിതുര മേഖലയിലെ കല്ലാർ, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, കല്ലാർ മീൻമുട്ടി, വാഴ്വാൻതോൽ വെള്ളച്ചാട്ടം, ചീറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇനി സ്കൂൾ തുറക്കുംവരെ പൊൻമുടിയിൽ തിരക്ക് തുടരും.