കാടുമൂടി നശിച്ചനിലയിൽ ഇരുമ്പിൽകുളം നവീകരിക്കണം

Saturday 16 May 2026 12:57 AM IST

നെയ്യാറ്റിൻകര: നഗരസഭയിലെ ഇരുമ്പിൽ വാ‌ർഡിലുള്ള ഇരുമ്പിൽ കുളം നാശോന്മുഖമായ അവസ്ഥയിൽ. പത്തുവ‌ർഷം മുമ്പ് നവീകരിച്ച കുട്ടികളുടെ പാർക്കും കുളത്തിന്റെ നടപ്പാതയും ഇന്ന് പരിപാലനമില്ലാതെ ജീർണാവസ്ഥയിലാണ്. 2015ൽ പരിസ്ഥിതി വ്യതിയാന വകുപ്പിൽ നിന്ന് അനുവദിച്ച 50ലക്ഷം രൂപയും ജലവിഭവ വകുപ്പിൽ നിന്നുള്ള 15 ലക്ഷം രൂപയും ചേ‌‌ർത്താണ് ഇരുമ്പിൽകുളം നഗരസഭ നവീകരിച്ചത്. കുളത്തിൽ ജലമില്ലാത്ത സാഹചര്യങ്ങളിൽ തൊട്ടടുത്ത കനാനിൽ നിന്നും 75 ലക്ഷം രൂപ ചെലവിൽ ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതി വഴി ജലം പമ്പ് ചെയ്ത് കയറ്റുകയാണ് ചെയ്യുക.എന്നാൽ പിന്നീട് കനാൽ ജലം തുടർച്ചയായി കിട്ടാതായതോടെ ഒരു കിലോമീറ്റ‌ർ ദൂരെയുള്ള നെയ്യാറിലെ അറക്കുന്ന് കടവിൽ പമ്പിംഗ് സ്റ്റേഷൻ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യുകയാണ്.എന്നാൽ ഇപ്പോൾ മതിയായ ജലവിതരണമില്ലാത്ത സ്ഥിതിയാണ്.

ബോട്ട് സ‌ർവീസ് നിലച്ചു

കുട്ടികൾക്കും മുതിർന്നവ‌ർക്കും ഉല്ലാസ നീന്തൽ നടത്താൻ കുളത്തിൽ ഉണ്ടായിരുന്ന ബോട്ട് സർവീസ് ഇപ്പോഴില്ല. ബോട്ടുകൾ കട്ടപ്പുറത്തായി.കുളം നാശോന്മുഖമായതോടെ ഇവിടെ ഉണ്ടായിരുന്ന നീന്തൽപരിശീലനവും മുടങ്ങി.പരിസ്ഥിതി വ്യതിയാന വകുപ്പും നെയ്യാറ്റിൻകര നഗരസഭയും ചേ‌ർന്ന് ഒ‌ാരോ വർഷവും 5 ലക്ഷം രൂപ കുളം നവീകരണത്തിന് ഉപയോഗിക്കാമെന്ന കരാറും ജലരേഖയായി.

 നടപ്പാതയും തക‌‌ർന്നു

കുളത്തിന് ചുറ്റും ഉണ്ടായിരുന്ന നടപ്പാത തകർന്നതോടെ സഞ്ചാരികൾക്ക് കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.കുളം നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് നെയ്യാറ്റിൻകര നഗരവികസന സമിതി ജനറൽ കൺവീനർ ഇരുമ്പിൽ ശ്രീകുമാർ ആവശ്യപ്പെട്ടു.