നാട്ടിൽ തമ്പടിച്ച് കാട്ടുപന്നികൾ

Saturday 16 May 2026 1:28 AM IST

വിതുര: വനമേഖലകളിൽ ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ, നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികൾ വ്യാപകമായി ചത്ത് വീഴുന്നു. മാസങ്ങളായി തൊളിക്കോട്, വിതുര പഞ്ചായത്തുകളിലാണ് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞദിവസം ആനപ്പെട്ടിയിലും, ചായത്തുമായി രണ്ട് പന്നികൾ ചത്തിരുന്നു. ആദിവാസി മേഖലകളിലും പന്നികൾ ചത്ത് വീഴുന്നുണ്ട്. കാടിറങ്ങുന്ന കാട്ടുപന്നികളിൽ ഭൂരിഭാഗവും മടങ്ങിപ്പോകുന്നില്ല. നിലവിൽ കാട് പോലെയായി നാട്ടിൻപുറങ്ങളും. പകൽസമയത്ത് പോലും കാട്ടുപന്നികൾ റോഡുകളിൽ ഇറങ്ങുന്നു. റബർതോട്ടങ്ങളിലും, തരിശുഭൂമികളിലും ഇവ തമ്പടിക്കും. ഇവിടെ കിടന്ന് പെറ്റുപെരുകും. പൊൻമുടി - തിരുവനന്തപുരം സംസ്ഥാന പാതയോരങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യമാണ് ഭക്ഷണം. കൂടാതെ കാർഷിക വിളകളും നശിപ്പിക്കും. നിലവിൽ നാട് നിറയെ കാട്ടുപന്നികൾ ചേക്കേറി. ഇടയ്ക്കിടെ ചത്ത് വീഴും. രാത്രിയിൽ തീറ്റ തേടിയെത്തുന്ന പന്നികൾ കിണറ്റിൽവരെ വീണ് ചാകും. ഇത് നാട്ടുകാർക്കും ശല്യമാണ്.

ജീവഹാനിക്കും ഹേതു

വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊളിക്കോട്, വിതുര പഞ്ചായത്തിലായി രണ്ട് പേർ പന്നിയുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. രാത്രികളിൽ വെളിച്ചം കണ്ട് വാഹനങ്ങൾക്ക് നേരെ പാഞ്ഞെത്തുകയാണ് ചെയ്യുക. കാട്ടുപന്നികളെ തെരുവുനായ്ക്കളും വകവരുത്തുന്നുണ്ട്.

ഇത്തരത്തിൽ പന്നിശല്യവും, തെരുവ് നായശല്യവും മൂലം ജനം അക്ഷരാർത്ഥത്തിൽ പൊറുതികേടിലാണ്.

സംസ്ഥാനത്താകെ ജീവഹാനി

(2019 മുതൽ 2023 വരെ)

മരണം

55 പരിക്കേറ്റവർ 1484

വിളനാശം പ്രധാനമായും

വാഴ, തെങ്ങ്, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയ്ക്ക്