തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ അദാനിയും ഐ.എച്ച്.ജി ഹോട്ടൽസും കരാറൊപ്പിട്ടു

Saturday 16 May 2026 3:45 AM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ നിർമ്മിക്കാൻ,അദാനി ഗ്രൂപ്പും ലോകത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ഐ.എച്ച്.ജി ഹോട്ടൽസ് ആൻഡ് റിസോർട്ട്സും കരാറൊപ്പിട്ടു. തിരുവനന്തപുരം,നവി മുംബയ്,മംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഹോട്ടലുകൾ വികസിപ്പിക്കുക. തിരുവനന്തപുരത്തെ ഹോട്ടലിന് നേരത്തേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായി ഇപ്പോൾ ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് അടുത്താവും പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക. ഹോട്ടൽ നിർമ്മിക്കാൻ വിമാനത്താവള വളപ്പിലെ 40 മരങ്ങൾ മാറ്റിസ്ഥാപിക്കാനും കേന്ദ്രാനുമതി ലഭിച്ചിരുന്നു.

കൺവെൻഷൻ സെന്ററും റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. 240 മുറികളും,660പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും,രണ്ട് ഭൂഗർഭ പാർക്കിംഗുമടക്കം ഹോട്ടലിന് ആകെ 7നിലകളുണ്ടാവും. ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക.

300 പേർക്ക് നേരിട്ടും 900 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.50 വർഷത്തേക്കുള്ള വികസന ആവശ്യങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടൽ വരുന്നത്. ഇപ്പോൾ ചെലവ് 136.31കോടിയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും,അന്തിമ ഡിസൈൻ വരുന്നതോടെ ചെലവ് 150 കോടിയിലേറെയാവും. മൂന്നുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും.

ഐ.എച്ച്.ജി ഹോട്ടൽസ് ആൻഡ് റിസോർട്സ് നിലവിൽ ഇന്ത്യയിൽ ആറു ബ്രാൻഡുകളിലായി 52 ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനിടെ 98 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കാനാണ് പദ്ധതി.