എസ്.എസ്.എൽ.സി ഫലം: തിളക്കം കുറഞ്ഞ് തലസ്ഥാനം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനത്തിൽ തിളക്കം കുറഞ്ഞ് തലസ്ഥാനം.ജില്ലയിൽ 97.99 ശതമാനമാണ് വിജയം.മറ്റു റവന്യൂ ജില്ലകളെ അപേക്ഷിച്ച് വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്.
കഴിഞ്ഞ രണ്ടു വർഷമായി ജില്ലയിൽ വിജയശതമാനം കുറയുകയാണ്.2024ൽ വിജയശതമാനം 99.08ആയിരുന്നു.കഴിഞ്ഞ വർഷം 98.59 ശതമാനമായിരുന്നു വിജയം.കഴിഞ്ഞ വർഷത്തേക്കാൾ 0.6 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.
16,530 ആൺകുട്ടികളും 16,347 പെൺകുട്ടികളും ഉൾപ്പെടെ 32,877 വിദ്യാർത്ഥികളാണ് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.ഇതിൽ 32218 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.659 വിദ്യാർത്ഥികൾ പരാജയപ്പെട്ടു.
ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരിൽ 16,174 പേർ ആൺകുട്ടികളും 16,044 പേർ പെൺകുട്ടികളുമാണ്.2313 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇതിൽ 721 പേർ ആൺകുട്ടികളും 1592 പേർ പെൺകുട്ടികളുമാണ്.കഴിഞ്ഞ വർഷം 4938 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് ഗ്രേഡ് ലഭിച്ചത് -1082. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 608 വിദ്യാർത്ഥികൾക്കും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 623 വിദ്യാർത്ഥികൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12399 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 12174 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 98.19 ശതമാനം വിജയം. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 10067 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 9804 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. 97.39 ശതമാനം വിജയം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 10411 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10240 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.36 ശതമാനമാണ് വിജയം.