ആവേശ തിരമാലയിൽ സെൻട്രൽ സ്റ്റേഡിയം
തിരുവനന്തപുരം: ആവേശക്കടലായി മാറിയ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിരമാലപോലെ ജനപ്രവാഹം. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയ യു.ഡി.എഫിനെ നെഞ്ചേറ്റാൻ പതിനായിരങ്ങളാണ് എത്തിയത്. പുലർച്ചെ അഞ്ചുമുതൽ സ്റ്റേഡിയത്തിനു മുന്നിൽ ജനസഞ്ചയം രൂപപ്പെട്ടു. ഏഴിന് വാതിൽ തുറന്നു. മിനിറ്റുകൾക്കകം കസേരകൾ നിറഞ്ഞു.
വി.ഐ.പികൾക്കും മാദ്ധ്യമപ്രവർത്തകർക്കുമിട്ട കസേരകളിലെല്ലാം യു.ഡി.എഫ് പ്രവർത്തകർ ഇരിപ്പുറപ്പിച്ചു. എട്ടായപ്പോഴേക്കും സൂചികുത്താനിടമില്ലാത്ത സ്ഥിതിയായി. വി.ഐ.പി പാസുമായെത്തിയവരും മാദ്ധ്യമപ്രവർത്തകരും അകത്ത് കടക്കാനാവാതെ വലഞ്ഞു. ചാണ്ടിഉമ്മനടക്കം നിരവധി എം.എൽ.എമാർ സാധാരണ പ്രവർത്തകരുടെ ഗേറ്റിലൂടെയാണ് കടന്നത്. എം.എൽ.എമാർക്കുപോലും നിന്ന് ചടങ്ങ് കാണേണ്ടി വന്നു. മന്ത്രിമാർക്കും വി.ഐ.പികൾക്കും വേദിയിലേക്ക് വഴിയൊരുക്കാൻ പൊലീസ് പണിപ്പെട്ടു.
രാഹുലിനെയും പ്രിയങ്കയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച ശേഷം വി.ഡി.സതീശൻ 9.45ന് വേദിയിലെത്തിയപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു, ഗവർണർക്കും രാഹുൽ ഗാന്ധിക്കും കടന്നുവരാൻ സൗകര്യമൊരുക്കണമെന്ന് തുടർച്ചയായി അനൗൺസ്മെന്റ് മുഴങ്ങി. കന്റോൺമെന്റ് ഗേറ്റ് മുതൽ സത്യപ്രതിജ്ഞാ വേദി വരെ വി.ഐ.പികൾക്കായി പൊലീസ് സുരക്ഷാപാതയൊരുക്കി. രാഹുലിനും പ്രിയങ്കയ്ക്കും പിന്നാലെ മല്ലികാർജ്ജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എന്നിവരെത്തി.
ആൾക്കൂട്ടമായി വേദി
വി.ഐ.പികൾക്കിട്ട കസേരകൾ പ്രവർത്തകർ കൈയടക്കിയതോടെ ഉന്നത കോൺഗ്രസ് നേതാക്കളെയും കക്ഷിനേതാക്കളെയും മതമേലദ്ധ്യക്ഷന്മാരെയും വേദിയിലാണ് ഇരുത്തിയത്. വേദിയിൽ മറ്റാളുകൾ പാടില്ലെന്ന ഗവർണറുടെ നിർദ്ദേശം ജനസാഗരത്തിനു മുന്നിൽ ഇല്ലാതായി. വേദിയിൽ രമേശ് ചെന്നിത്തലയെ സതീശൻ ആലിംഗനം ചെയ്തപ്പോൾ വൻ ആരവം. മുൻ മുഖ്യമന്ത്രി പിണറായിവിജയൻ, സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ, ബി.ജ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി.പി.ഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ സ്പീക്കർ എ.എൻ ഷംസീർ, മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി അടക്കം വേദിയിലെത്തി.