മലയോരത്ത് രാസവസ്തുക്കൾ ചേർത്ത മത്സ്യക്കച്ചവടം വ്യാപകം

Thursday 21 May 2026 1:35 AM IST

വെള്ളറട: ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യം ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. കേരളത്തിലെ കടലിൽ നിന്നമുള്ള മത്സ്യ ലഭ്യത കുറഞ്ഞതോടുകൂടിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ യാതൊരുവിധ ശീതീകരണ സംവിധാനങ്ങളൊന്നുമില്ലാത്ത വാഹനങ്ങളിൽ മത്സ്യം കൊണ്ടുവരുന്നത്. ഈ മത്സ്യമാണ് അതിർത്തിയിലെ പ്രധാന മാർക്കറ്റായ പനച്ചമൂട്ടിൽ വച്ച് ചെറുകിട കച്ചവടക്കാർക്ക് കമ്മിഷൻ ഏജന്റുമാർക്കും ലേലം ചെയ്ത് നൽകുന്നത്. കുറഞ്ഞ തുകയ്ക്ക് പെട്ടി കണക്ക് മത്സ്യംകിട്ടും. ഇത് കൂടിയ വിലയ്ക്ക് വിറ്റ് വൻ ലാഭം കൊയ്യാമെന്ന് കരുതിയാണ് ചെറുകിട കച്ചവടക്കാർ വാങ്ങികൊണ്ടു പോകുന്നത്.

പുഴുത്തതും പുഴുവരിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങൾ വരെ ഇവിടെ ലേലത്തിന് എത്തുന്നുണ്ട്. ഗോവ, കർണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് വ്യാപകമായി ഇത്തരത്തിലുള്ള മത്സ്യം കച്ചവടത്തിനായി പനച്ചമൂട്ടിൽ എത്തുന്നത്. കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതിനാലാണ് മൊത്തവ്യാപാരികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ചീഞ്ഞ മത്സ്യമായാലും കച്ചവടം ചെയ്യാൻ താത്പര്യം.

മലയോര ഗ്രാമങ്ങളിൽ മത്സ്യം കഴിച്ച് രോഗം ബാധിച്ച് നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യവകുപ്പും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്.

ഗുണനിലവാരം പരിശോധിക്കണം

പനച്ചമൂട്ടിലെ മൊത്തവിതരണ കേന്ദ്രത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്. മത്സ്യത്തിന് വില കൂടിയതോടെ ഫോർമാലിൻ മത്സ്യവും പനച്ചമൂട്ടിൽ സുലഭമായാണ് വിൽപ്പന നടത്തുന്നത്.

നടപടി സ്വീകരിക്കണം

ഇതിനുപുറമെ മാസങ്ങൾക്ക് മുമ്പ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കുറച്ചുസമയം വെള്ളത്തിലിട്ടശേഷം ഉപ്പ് വിതറിയാണ് കച്ചവടം. പുലർച്ചെയാണ് ഇത്തരത്തിലുള്ള മത്സ്യക്കച്ചവടം വ്യാപകമായി നടക്കുന്നത്. ഇത് പരിശോധിക്കേണ്ടവർ യഥാ സമയം നടപടി സ്വീകരിക്കാത്തത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.