അഴൂർ ഹൈസ്കൂൾ ജംഗ്ഷനിൽ കാത്തിരിപ്പു കേന്ദ്രം വേണം
മുടപുരം: അഴൂർ ഗവ.ഹൈസ്കൂൾ ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണമെന്ന വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യം ശക്തം.
2005ൽ ഇവിടെ ഹയർ സെക്കൻഡറി അനുവദിക്കുന്ന നാൾ മുതലുള്ള നാട്ടുകാരുടെ ആവശ്യമാണ് കാത്തിരിപ്പു കേന്ദ്രമെന്നത്.ദിവസവും നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്നയിടത്താണ് അധികൃതരുടെ വർഷങ്ങളായുള്ള അവഗണന. ഹൈസ്കൂളിനോട് ചേർന്ന് നിരവധി സ്ഥാപനങ്ങളാണുള്ളത്.തദ്ദേശീയർക്ക് പുറമേ വിദ്യാർത്ഥികൾ,ഓഫീസിൽ വരുന്നവർ,അദ്ധ്യാപകർ,മിനിസ്റ്റേഡിയത്തിലെത്തുന്ന കായികതാരങ്ങൾ,മറ്റു ജീവനക്കാർ എന്നിങ്ങനെ നിരവധിയാളുകൾ ഒരുപോലെ ആശ്രയിക്കുന്ന ഇടത്താണ് ഈ അവഗണന.ഇപ്പോൾ മഴയത്തും വെയിലത്തും കടമുറികളുടെ വരാന്തയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്.എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അവഗണനയെന്ന് പരാതി
അഴൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തുന്ന കേരളോത്സവത്തിലെ എല്ലാ കായിക മത്സരങ്ങളും നടത്തുന്നത് ഇവിടെയുള്ള മിനിസ്റ്റേഡിയത്തിലാണ്. ഇതിന് പുറമേ ഒട്ടേറെ ടൂർണമെന്റുകളും ഇവിടെ നടത്തുന്നുണ്ട്. ഇവിടെയെത്തുന്ന കായിക താരങ്ങളും
കാത്തിരുപ്പുകേന്ദ്രം നിർമ്മിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പറയുന്നത്. മറ്റു പല ബസ് സ്റ്റോപ്പുകളിലും കാത്തിരുപ്പുകേന്ദ്രം നിർമ്മിച്ചിട്ടും ഹൈസ്കൂൾ ജംഗ്ഷനെ മാത്രം ഒഴിവാക്കിയത് അനീതിയാണെന്നാണ് നാട്ടുകാരുടെ പരാതി.