പെൺസുഹൃത്തിനെ ആക്രമിച്ച് വഴിയരികിൽ തള്ളിയ യുവാവ് പിടിയിൽ

Sunday 31 May 2026 1:06 AM IST

കോതമംഗലം: പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച ശേഷം മരിച്ചെന്ന് കരുതി വഴിയരികിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം കോതമംഗലത്താണ് സംഭവം. പ്രതി കോതമംഗലം ചേലാട് സ്വദേശി തുമ്പ്രത്തുകുടി നിതിനെ (31) പട്ടിമറ്റം പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കത്തിനിടെയാണ് നിതിൻ പിടിയിലായത്. തുടർന്ന് വിവാഹം മുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കിലെ സ്റ്റാഫാണ് പ്രതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. പട്ടിമറ്റം സ്വദേശിനിയായ യുവതിയെ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്ത ശേഷം കൈകൾ ബന്ധിച്ച് കോതമംഗലത്ത് കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. യുവതി മരിച്ചുവെന്ന് കരുതിയാണിത്. എന്നാൽ ബോധക്ഷയം സംഭവിച്ച യുവതിക്ക് ബോധം വീണ്ടുകിട്ടിയപ്പോൾ ഞായറാഴ്ച പുലർച്ചെ ജംഗ്ഷനിലെത്തി അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരാണ് കൈകളുടെ കെട്ടഴിച്ചത്. നാട്ടിലെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ആക്രമണത്തിനിരയായ യുവതി.