എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Sunday 31 May 2026 1:12 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ടൗണിലെ കേന്ദ്രങ്ങളിൽ കച്ചവടത്തിനായി കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര ബസ്റ്റാൻഡിന് സമീപത്തു നിന്നാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ നികേഷ് ബാലകൃഷ്ണൻ (32)നെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ലഹരിമരുന്ന് കടത്തിലെ ഒരു കാരിയർ മാത്രമാണ് പിടിയിലായ നികേഷ് എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തിയ ഇയാൾ, അവിടെനിന്ന് ബസ്സിലാണ് നെയ്യാറ്റിൻകരയിൽ എത്തിച്ചേർന്നത്. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസറുടെ നേതൃത്വത്തിലാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്.