ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, എ.ആർ.ശ്രീകുമാർ ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരായേക്കും

Sunday 26 January 2025 12:34 AM IST

തൃശൂർ: ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, എ.ആർ.ശ്രീകുമാർ എന്നിവർ ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരാകും. പ്രഖ്യാപനം നാളെ. ജില്ലയെ മൂന്നാക്കി വിഭജിച്ച് മൂന്നു ജില്ലാ പ്രസിഡന്റുമാരെയാണ് പുതിയ സംഘടന സംവിധാനമനുസരിച്ച് പ്രഖ്യാപിക്കുന്നത്. തൃശൂർ, മണലൂർ, നാട്ടിക, പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ സെൻട്രൽ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചേക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ സൗത്ത് പ്രസിഡന്റായി എ.ആർ. ശ്രീകുമാറിനെയും ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങൾ ഉൾപ്പെടുന്ന നോർത്ത് പ്രസിഡന്റായി അഡ്വ. നിവേദിത സുബ്രഹ്മണ്യനെയുമാണ് തിരുമാനിച്ചിരിക്കുന്നത്. ഇന്ന് പത്രികാ സമർപ്പണം നടക്കും. നാളെ അതാത് ജില്ലകളിൽ വരണാധികാരിമാർ പ്രഖ്യാപനം നടത്തും. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയാണ് തൃശൂർ സെൻട്രൽ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. സൗത്ത് ജില്ലാ പ്രസിഡന്റ് ഏ.ആർ.ശ്രീകുമാർ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഏറെ നാളുകളായ സംഘടന ചുമതലകളിൽ വിട്ടു നിന്നിരുന്ന ഏ.ആർ. ശ്രീകുമാർ മുൻ ജില്ലാ പ്രസിഡന്റായിരുന്ന ശ്രീശൻ അടിയാട്ടുമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളാണ്. നിലവിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റാണ് നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു.

അനീഷ് കുമാറിനെയും നാഗേഷിനെയും പരിഗണിച്ചില്ല

നിലവിലെ ജില്ലാ പ്രസിഡന്റും ബി.ജെ.പിക്ക് ചരിത്ര വിജയം സമ്മാനിച്ച അഡ്വ. കെ.കെ.അനീഷ് കുമാറിനെയും സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെയും പരിഗണിച്ചില്ല. തുടർച്ചയായി അഞ്ചു വർഷം പ്രസിഡന്റായവരെയും നേരത്തെ കൂടുതൽ കാലം ജില്ലാ പ്രസിഡന്റായവരെ പരിഗണിക്കേണ്ടെന്ന കേന്ദ്രനിലപാടാണ് ഇരുവരയും പരിഗണിക്കാൻ തടസമായത്. തൃശൂർ സെൻട്രലിൽ അനീഷ് വിഭാഗം ജസ്റ്റിൻ ജേക്കബിനെയും നാഗേഷ് പക്ഷം ബിജോയ് തോമസിനെയുമാണ് രംഗത്തിറക്കിയിരുന്നത്. സൗത്ത് മണ്ഡലത്തിൽ ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട് എന്നിവരാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. അതേ സമയം നോർത്തിൽ ഐ.എം.രാജേഷ്, അനീഷ് മാസ്റ്റർ തുടങ്ങി നിരവധി പേർ രംഗത്തുണ്ടായിരുന്നു.