സൗജന്യസേവനം അന്യമാകുന്നു, ഫ്രണ്ട്സ് കേന്ദ്രങ്ങൾക്ക് പൂട്ട് വീഴുമോ..?

Tuesday 25 February 2025 12:04 AM IST

തൃശൂർ: അടച്ചുപൂട്ടാനൊരുങ്ങി ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങൾ. ഒരുകാലത്ത് സാധാരണക്കാരന് സർക്കാരിന് കീഴിലെ വകുപ്പുകളിലെ സേവനങ്ങൾ തികച്ചും സൗജന്യമായാണ് ഫ്രണ്ട്സ് ജനസേവാ കേന്ദ്രങ്ങൾ നൽകിയിരുന്നത്. ആർ.ടി.ഒ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ടെലഫോൺ ബില്ലുകൾ, മുനിസിപ്പാലിറ്റി തദ്ദേശ സ്ഥാപനങ്ങളിലെ ബിൽ, യൂണിവേഴ്‌സിറ്റി ചലാനുകൾ, ഇൻകം ടാക്‌സ്, ബിൽഡിംഗ് ടാക്‌സ്, വാട്ടർ ബിൽ തുടങ്ങിയവയ്ക്ക് യഥാർത്ഥ തുക മാത്രം ഈടാക്കിയായിരുന്നു സേവനം.

സംസ്ഥാന ഐ.ടി മിഷന് കീഴിലാണ് എല്ലാ ജില്ലകളിലും 2001-2002 കാലത്ത് ഫ്രണ്ട്‌സ് കേന്ദ്രങ്ങൾ ആരംഭിച്ചത്. ഇതിൽ തിരുവനന്തപുരം പാളയത്തെ കേന്ദ്രത്തിന് ഇതിനകം താഴ് വീണു. വിവിധ വകുപ്പുകളിലെ സ്റ്റാഫുകളെയാണ് പൊതുജന സേവന കേന്ദ്രങ്ങളിൽ സാധാരണക്കാർക്ക് സേവനം നൽകാനായി സർക്കാർ നിയോഗിച്ചിരുന്നത്. രാവിലെ ഒമ്പത് മുതൽ രണ്ട് വരെ ഒരു ഷിഫ്ടും രണ്ട് മുതൽ ഏഴ് വരെ മറ്റാരു ഷിഫ്ടുമായാണ് പ്രവർത്തനം.

തൃശൂരിലെ കേന്ദ്രത്തിൽ 12 കൗണ്ടർ സ്റ്റാഫും രണ്ട് മാനേജരും ഉണ്ടായിരുന്നത് ഇപ്പോൾ രണ്ട് കൗണ്ടർ സ്റ്റാഫും ഒരു മാനേജരും എന്ന നിലയിലായി. മറ്റ് ജില്ലകളിലെ ഫ്രണ്ട്‌സ് സേവനകേന്ദ്രങ്ങളിലും ജീവനക്കാർ കുറഞ്ഞിട്ടുണ്ട്. സ്വന്തമായി ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകാത്തവരാണ് 40 ശതമാനം പേരും. ഇവർക്ക് സൗജന്യസേവനം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അക്ഷയ, സി.എസ്.സി കേന്ദ്രങ്ങളെയാണ് വൃദ്ധജനങ്ങൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. ഓരോ ബില്ലിനും പ്രത്യേകം തുക വാങ്ങിയാണ് സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നത്.

തിരിച്ചടികൾ

ഫ്രണ്ട്‌സ് കേന്ദ്രങ്ങളിൽ ആർ.ടി.ഒ, കെ.എസ്.ഇ.ബി സേവനങ്ങൾ നിറുത്തിയത് തിരിച്ചടിയായി. കാലാനുസൃതമായി സേവനം പരിഷ്‌കരിക്കാത്തതും വിനയായിട്ടുണ്ട്. ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളിൽ നിന്നും പണം മാത്രമേ ഇവിടെ സ്വീകരിക്കാനാകൂ. യു.പി.ഐ സേവനങ്ങളോ എ.ടി.എം കാർഡ് ഉപയോഗിച്ച് സ്വൈപ് ചെയ്‌തോ പണം നൽകാനാകില്ല. നിറുത്തലാക്കിയ ആർ.ടി.ഒ, കെ.എസ്.ഇ.ബി സേവനങ്ങൾ തിരികെ ഏൽപ്പിക്കുകയും ട്രാഫിക് പെനാൽറ്റി ഉൾപ്പെടെയുള്ള ബിൽ അടയ്ക്കുന്നതിന് സൗകര്യം ഒരുക്കുകയും ചെയ്താൽ കേന്ദ്രങ്ങളെ വീണ്ടും ജനോപകാരപ്രദമാക്കാം. തുടക്കത്തിൽ ഉപയോഗിച്ചിരുന്ന ഫ്രീസ് എന്ന സോഫ്‌ട്‌വെയർ വഴിയാണ് ഇപ്പോഴും സേവനം നൽകുന്നത്. പകരം മറ്റൊന്ന് കാലോചിതമായി കൊണ്ടുവന്നാൽ യു.പി.ഐ സേവനങ്ങൾ ഉൾപ്പെടുത്താം.