തീരദേശ ഹർത്താൽ 27ന്

Tuesday 25 February 2025 12:05 AM IST

തൃശൂർ: കടൽ മണൽ ഖനനത്തിനെതിരെ 27ന് മത്സ്യ തൊഴിലാളി കോ-ഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തീരദേശ ഹർത്താൽ മത്സ്യമേഖലയെ സ്തംഭിപ്പിക്കും. ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് എൻ.കെ.അക്ബർ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സ്യ തൊഴിലാളി, മത്സ്യ അനുബന്ധ തൊഴിലാളികൾ, മത്സ്യ വിതരണ വിൽപ്പന തൊഴിലാളികൾ, മത്സ്യ മാർക്കറ്റ്, ഹാർബർ തൊഴിലാളികൾ, ബോട്ടുടമകൾ എന്നിവരും പങ്കെടുക്കും. മത്സ്യബന്ധനവുമുണ്ടാകില്ല. 27ന് പുലർച്ചെ മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.വി.സുരേന്ദ്രൻ മരയ്ക്കാൻ, ഐ.കെ.വിഷ്ണു ദാസ്, കെ.സി.സതീശൻ, പി.എ.ഷാഹുൽ ഹമീദ്, കെ.വി.തമ്പി എന്നിവരും പങ്കെടുത്തു.