പൊളിച്ചുമാറ്റുന്നതിനിടെ ഇരുമ്പുപാലം പുഴയിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്ക്

Thursday 30 April 2026 12:55 AM IST

വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ പുതിയ പാലം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി രാജാവ് നിർമ്മിച്ച പഴയ ഇരുമ്പുപാലം (പുതുപാലം) പൊളിച്ച് മാറ്റുന്നതിനിടെ ഒരു ഭാഗം പുഴയിലേക്ക് പതിച്ച് തൊഴിലാളിക്ക് പരിക്ക്. പാലത്തിന് മുകളിലുണ്ടായിരുന്ന നാലോളം തൊഴിലാളികൾ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു.

ഉത്തർപ്രദേശ് സ്വദേശി ഷാനെ (25) കാലിന് ഗുരുതര പരിക്കോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം. ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ 1970കളിൽ നിർമ്മിച്ച പാലമാണ് ബലക്ഷയത്തെ തുടർന്ന് പൊളിച്ചുമാറ്റാൻ തുടങ്ങിയത്. പഴയപാലത്തിന്റെ ബലക്ഷയത്തെ തുടർന്ന് ഈ ഭാഗത്ത് പുതിയപാലം നിർമ്മിച്ചിരുന്നു. പാലത്തിന്റെ മദ്ധ്യഭാഗത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു ഷാൻ. ഈ സമയം ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികളുമായി പാലത്തിന്റെ ഒരു ഭാഗം പുഴയിൽ പതിച്ചു. ചൂട് കൂടിയതിനാൽ ഭക്ഷണം കഴിക്കാനായി പല തൊഴിലാളികളും പോയിരുന്നു. അതിനാൽ കൂടുതൽ പേർ അപകടത്തിൽപെട്ടില്ല.